അബുദാബി: യുഎഇയിൽ ഫത്‌വ കൗൺസിൽ രൂപീകരിച്ച് പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിറക്കി. ഷെയ്ഖ് അബ്ദുല്ല ബിൻ ബയ്യ യാണ് കൗൺസിൽ ചെയർമാൻ.ഡോ. ഉമ്മർ ഹബ്തൂർ അദീബ് അൽ ദാരി ആണ് വൈസ് ചെയർമാൻ. ഡോ. ഖലീഫ മുബാറക്ക് അൽ ദാഹ്രി , ഡോ. അഹമ്മദ് അബ്ദുൽ അസീസ് കാസിം അൽ ഹദ്ദാദ്, ജമാൽ സലിം അൽ തുറൈഫി, ഡോ. ഇബ്രാഹിം ഉബൈദ് അലി അൽ അലി ,അബ്ദുൽ റഹ്മാൻ അലി ഹുമൈദ് അൽ ഷംസി , ഡോ അഹമ്മദ് ഇബ്രാഹിം അൽ തുനൈജി , ഡോ ഫാത്തിമ അൽ ദഹ്മാനി എന്നിവരാണ് കൗൺസിൽ അംഗങ്ങൾ.
രാജ്യത്തെ ഫത്‌വയുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ,നയങ്ങൾ സമീപനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനും അതിനായുള്ള നടപടികളും കാഴ്ചപ്പാടുകളും ഏകീകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഫത്‌വ കൗൺസിൽ രൂപവൽക്കരിച്ചത്.
വിവിധ വിഷയങ്ങളിൽ പൊതുവായതും അടിയന്തരവും പുതിയതുമായ ഫത്‌വകൾ പുറപ്പെടുവിക്കുക, ഫത്‌വകളുടെ വിവിധ മേഖലകളിൽ പഠനങ്ങളും ഗവേഷണങ്ങളും നടത്തുക, പ്രസക്തമായ നിയമനിർമാണങ്ങളെ കുറിച്ച് നിയമപരമായ അഭിപ്രായങ്ങൾ നൽകൽ,ഫത്‌വകൾ നൽകുന്ന രീതിക്ക് ലൈസൻസ് നൽകൽ, മുഫ്തികളുടെ കഴിവുകൾ പരിശീലിപ്പിക്കൽ, വികസിപ്പിക്കൽ എന്നിവ കൗൺസിലിന്റെ ഉത്തരവാദിത്തമാണ്.