അബൂദബി– അനധികൃതമായി ശമ്പളം സ്വീകരിച്ചു എന്ന പേരിൽ ജീവനക്കാരിക്കെതിരെ കമ്പനി കൊടുത്ത പരാതിയിൽ വിധിയുമായി അബൂദബി കാസേഷൻ കോടതി. 18 മാസത്തെ തർക്കത്തിനിടെയാണ് വനിതാ ജീവനക്കാരി നൽകിയ ഹരജിയിൽ ശമ്പളത്തിൽ നിന്ന് 1.33 മില്യൺ ദിർഹം (ഏകദേശം 3 കോടിയോളം രൂപ) തിരികെ നൽകണമെന്ന മുൻ ലേബർ കോടതി വിധി അബുദാബിയിലെ കാസേഷൻ കോടതി ഭാഗികമായി റദ്ദാക്കിയത്.
2014 ഫെബ്രുവരി മുതൽ കമ്പനിയുമായി തുറന്ന കരാർ പ്രകാരം ജോലി ചെയ്തിരുന്ന ഇവർക്ക് മാസം 95,630 ദിർഹം ആയിരുന്നു മൊത്തം വേതനം. 2024 ഒക്ടോബർ 23-ന് തന്നെ നിയമവിരുദ്ധമായി പിരിച്ചുവിട്ടുവെന്ന ആരോപണവുമായി ഇവർ തൊഴിലുടമക്കെതിരെ ലേബർ കോടതിയിൽ കേസ് നൽകിയിരുന്നു. ശമ്പള കുടിശ്ശിക, കാരണം കൂടാതെ പുറത്താക്കലിനുള്ള നഷ്ടപരിഹാരം, നോട്ടീസ് പീരിയഡ് വേതനം, ഗ്രാറ്റ്യുട്ടി, അവധി വേതനം, നഷ്ടപരിഹാര തുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഇവർ കോടതിയിൽ ഉന്നയിച്ചിരുന്നു.
ഇതിനിടെ കമ്പനിയും കോടതിയിൽ വലിയ ആരോപണങ്ങളുമായി രംഗത്തെത്തി. 18 മാസം ജോലിയിൽ ഹാജരാകാതിരുന്ന കാലത്ത് കമ്പനിയിൽ നിന്നും ശമ്പളമായി ലഭിച്ച 1.33 മില്ല്യൺ ദിർഹം തിരിച്ചടയ്‌ക്കണം എന്നായിരുന്നു അവരുടെ ആവശ്യം.
2025 മാർച്ച് 10-ന് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി കമ്പനിക്ക് അനുകൂലമായ വിധിയാണ് നൽകിയത്. ഏപ്രിൽ 29-ന് കീഴ്ക്കോടതി അതേ നിലപാട് തുടരുകയും ചെയ്തു. എന്നാല്‍ ഉത്തരവിന് എതിരെ ജീവനക്കാരി കാസേഷൻ കോടതിയെ സമീപിച്ചു.
തുടർന്ന് കാസേഷൻ കോടതിയുടെ നിരീക്ഷണത്തിൽ ഇവരുടെ അവധി സർക്കാർ അംഗീകരിച്ച മെഡിക്കൽ ലീവായിരുന്ന എന്ന് സ്ഥിരീകരിച്ചു. വിദേശത്ത് രോഗിക്ക് കൂട്ടായി നിൽക്കാൻ വേണ്ടിയായിരുന്നു അവധി. അതിന്റെ ഔദ്യോഗിക രേഖകൾ സ്വീകരിച്ചിട്ടുണ്ടെന്നും, തൊഴിൽദാതാവായ കമ്പനി തുടർച്ചയായി 18 മാസം ശമ്പളം നൽകുകയും അതിനെ എതിർത്ത് ഒരിക്കൽ പോലും പരാതിപ്പെടാതിരിക്കുകയും ചെയ്തത് അവധിക്ക് അനുമതി നൽകിയതിന്റെ തെളിവാണ് എന്നായിരുന്നു കാസേഷൻ കോടതിയുടെ നിരീക്ഷണം.
കീഴ്‌ക്കോടതികൾ വാദം കേൾക്കുന്നതിലും വിധി നടപ്പാക്കുന്നതിലും ഗുരുതരമായ പിശകുകൾ കാസേഷൻ കോടതി കണ്ടെത്തി. ജീവനക്കാരി ശമ്പളം സ്വീകരിച്ചത് കമ്പനിയുടെ തന്നെ സംവിധാനങ്ങളുടെയും, നിയമങ്ങളുടെയും അടിസ്ഥാനത്തിലാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടതോടെയാണ് കീഴ്ക്കോടതിയുടെ വിധി കാസേഷൻ കോടതി റദ്ദാക്കിയത്. ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയും അപ്പീൽ കോടതിയും ജീവനക്കാരിയുടെ സത്യസന്ധത പരിഗണിക്കുന്നതിൽ പരാജയപ്പെട്ടു, കാരണം അവർ അവധിയിൽ പോകുന്നതിന് മുമ്പ് അവരുടെ അവധി ഔദ്യോഗികമായി അറിയിക്കുകയും രേഖകൾ നൽകുകയും ചെയ്തിരുന്നു എന്നും കാസേഷൻ കോടതി കണ്ടെത്തി. തുടർന്ന് ജീവനക്കാരിക്ക് അനുകൂലമായി കേസ് അവസാനിപ്പിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു.