അബുദാബി – കഴിഞ്ഞ ദിവസങ്ങളില്‍ യു.എ.ഇ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളെ തുടര്‍ന്ന്, തെഹ്റാനിലെ എംബസി അടച്ചുപൂട്ടുകയും അംബാസഡറെയും മുഴുവന്‍ നയതന്ത്ര ജീവനക്കാരെയും ഇറാനില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തതായി യു.എ.ഇ അറിയിച്ചു. യു.എ.ഇക്കെതിരായ നഗ്‌നമായ മിസൈല്‍ ആക്രമണങ്ങളെ തുടര്‍ന്നാണ് ഈ തീരുമാനം എടുത്തതെന്ന് യു.എ.ഇ വിദേശ മന്ത്രാലയം വിശദീകരിച്ചു. റെസിഡന്‍ഷ്യല്‍ ഏരിയകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, സേവന സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് ആക്രമണങ്ങളുണ്ടായി. ഇത് നിരപരാധികളായ സാധാരണക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്നു. ഈ വര്‍ധനവ് അപകടകരവും നിരുത്തരവാദപരവുമാണ്.
ഈ ആക്രമണങ്ങള്‍ ദേശീയ പരമാധികാരത്തിന്റെ നഗ്‌നമായ ലംഘനമാണ്. അന്താരാഷ്ട്ര നിയമത്തിന്റെയും യു.എന്‍ ചാര്‍ട്ടറിന്റെയും വ്യക്തമായ ലംഘനവുമാണ്. യു.എ.ഇ അതിന്റെ സുരക്ഷക്കോ, ഭൂപ്രദേശത്തിന്റെയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷക്കോ നേരെയുള്ള ഒരു ആക്രമണവും അംഗീകരിക്കില്ല.
തങ്ങളുടെ എംബസി അടച്ചുപൂട്ടാനും അംബാസഡറെയും നയതന്ത്ര ജീവനക്കാരെയും പിന്‍വലിക്കാനുമുള്ള തീരുമാനം രാജ്യത്തിന്റെ സുരക്ഷക്കും പരമാധികാരത്തിനും ഭീഷണിയാകുന്ന ഏതൊരു ആക്രമണത്തിനും എതിരായ ഉറച്ചതും അചഞ്ചലവുമായ നിലപാടിനെ പ്രതിഫലിപ്പിക്കുന്നു. സംഘര്‍ഷം ലഘൂകരിക്കാനുള്ള അവസരങ്ങളെ ദുര്‍ബലപ്പെടുത്തുകയും മേഖലയെ അങ്ങേയറ്റം അപകടകരമായ പാതകളിലേക്ക് തള്ളിവിടുകയും ചെയ്യുന്ന തുടര്‍ച്ചയായ ആക്രമണാത്മകവും പ്രകോപനപരവുമായ സമീപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
സംയമനം പാലിക്കേണ്ടതും നയതന്ത്ര പരിഹാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതുമായ പിരിമുറുക്കങ്ങള്‍ക്ക് മേഖല സാക്ഷ്യം വഹിക്കുന്ന സമയത്ത്, ഇത്തരം നടപടികള്‍ പ്രാദേശിക, അന്തര്‍ദേശീയ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുക മാത്രമല്ല, ഊര്‍ജ സുരക്ഷയെയും ആഗോള സമ്പദ്വ്യവസ്ഥയുടെ സ്ഥിരതയെയും ബാധിക്കുമെന്ന് യു.എ.ഇ മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കാനും മേഖലയില്‍ കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാനുമുള്ള ഔദ്യോഗിക ആഹ്വാനങ്ങള്‍ക്കിടയില്‍, സൈനിക, സുരക്ഷാ ചട്ടക്കൂടില്‍ നിന്ന് നേരിട്ടുള്ള നയതന്ത്ര തലത്തിലേക്കുള്ള ഏറ്റുമുട്ടലിലെ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നതാണ് യു.എ.ഇയുടെ തീരുമാനം.



