അബുദാബി– കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ഥി മരിച്ചു. അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ അലക്‌സ് ബിനോയി(17)യാണ് മരിച്ചത്. വീഴ്ചയില്‍ ഗുരുതരമായ പരുക്കേറ്റ അലക്‌സിനെ ഉടനെ ഷെയ്ഖ് ഖലീഫ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. എറണാകുളം സ്വദേശിയായ ബിനോയി തോമസിന്റെയും എല്‍സിയുടെയും മൂന്ന് മക്കളില്‍ ഇളയവനാണ് അലക്‌സ്.
അടുത്തമാസം വരാനിരുന്ന 12ാം ക്ലാസ് പരീക്ഷ സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷാഫലം പ്രതീക്ഷിച്ചിരിക്കുന്ന അലക്‌സിന് ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാനായിരുന്നു താല്‍പര്യം. റിസള്‍ട്ടിന് ശേഷം ബാംഗ്ലൂരില്‍ മാസ് കമ്മ്യൂണിക്കേഷന്‍ പഠിക്കാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. വലിയൊരു ഡയറക്ടര്‍ ആകണമെന്നായിരുന്നു മകന്റെ ആഗ്രഹമെന്ന് പിതാവ് തോമസ് പ്രതികരിച്ചു.
മകന്‍ താഴെ വീണ വിവരം സെക്യൂരിട്ടി പറഞ്ഞാണ് മാതാപിതാക്കള്‍ അറിയുന്നത്. അലക്‌സ് എങ്ങനെയാണ് കെട്ടിടത്തില്‍ നിന്ന് താഴെ വീണതെന്ന് വ്യക്തമല്ല. റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. സൗമ്യ സ്വഭാവക്കാരനായിരുന്ന അലക്‌സ് പ്രായഭേദ്യമന്യേ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. അന്തിമ സംസ്‌കാര ചടങ്ങുകള്‍ കേരളത്തിലാണ് നടത്തുന്നതെന്ന് കുടുംബം അറയിച്ചു. സെന്റ് ജോസഫ് കത്രീഡലില്‍ വെച്ച് നടന്ന ദുഃഖാചരണ ചടങ്ങില്‍ അലക്‌സിന്റെ കുടുംബവും സുഹൃത്തുക്കളുമായി 300ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്തു.