അബുദാബി – രാജ്യത്ത് ആദ്യമായി അറബി ഭാഷാ നിയമം നടപ്പാക്കാന്‍ യു.എ.ഇ. ദേശീയ ഐഡന്റിറ്റി ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി, ഉപഭോക്തൃ മേഖലയെ ലക്ഷ്യം വെക്കുന്ന ബിസിനസ് സ്ഥാപനങ്ങളില്‍ അറബി സംസാരിക്കുന്ന ജീവനക്കാരെ നിയമിക്കണമെന്ന് നിയമം അനുശാസിക്കുന്നു. രാജ്യത്തുടനീളം അറബി ഭാഷയുടെ പങ്കും പദവിയും വര്‍ധിപ്പിക്കാനുള്ള സമഗ്രമായ നയത്തിന്റെ ഭാഗമാണിത്. അടുത്ത വര്‍ഷം നിയമനിര്‍മ്മാണം നടപ്പാക്കുമെന്നാണ് പ്രതീക്ഷ.
രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയുടെ വ്യാപകമായ ഉപയോഗം, പ്രത്യേകിച്ച് ഭാവി തലമുറകള്‍ക്കിടയില്‍, പ്രോത്സാഹിപ്പിക്കാനുള്ള നിര്‍ണായക ചുവടുവെപ്പായി സാംസ്‌കാരിക മന്ത്രാലയത്തിലെ നാഷണല്‍ ഐഡന്റിറ്റി ആന്റ് ആര്‍ട്‌സ് സെക്ടര്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ശദ അല്‍മുല്ല പുതിയ നിയമത്തെ വിശേഷിപ്പിച്ചു. ദേശീയ ഐഡന്റിറ്റിയും സാംസ്‌കാരിക സ്വത്വവും ശക്തിപ്പെടുത്താന്‍ നിയമം സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് ശദ പറഞ്ഞു. സര്‍ക്കാര്‍, സമ്പദ്വ്യവസ്ഥ, ബിസിനസ് മേഖല, വിദ്യാഭ്യാസം, ഗവേഷണം, സംസ്‌കാരം, മാധ്യമങ്ങള്‍ എന്നിവയുള്‍പ്പെടെ 10 പ്രധാന മേഖലകളില്‍ അറബി ഭാഷ നിര്‍ബന്ധമാക്കുന്ന കരട് നിയമത്തിനായി മന്ത്രാലയം സാധ്യതാ പഠനം തയ്യാറാക്കുന്നുണ്ടെന്ന് ഏപ്രിലില്‍ ശദ അല്‍മുല്ല സ്ഥിരീകരിച്ചു.
സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ അറബി സംസാരിക്കുന്ന ജീവനക്കാരെ നിയമിക്കുന്നത് നിയമം നിര്‍ബന്ധമാക്കും. ആരോഗ്യ സേവനങ്ങള്‍, സാമൂഹിക സേവനങ്ങള്‍, സര്‍ക്കാരിനെ അഭിമുഖീകരിക്കുന്ന റോളുകള്‍, ഉപഭോക്തൃ സേവന സ്ഥാനങ്ങള്‍ എന്നിവയാണ് ഇതിലൂടെ മുഖ്യമായും ലക്ഷ്യമിടുന്നത്. പൊതു സമ്മേളനങ്ങളില്‍ വിവര്‍ത്തന സേവനങ്ങള്‍ നല്‍കാനും സ്‌കൂളുകളില്‍ അറബി പഠിപ്പിക്കാനുള്ള മാനദണ്ഡങ്ങള്‍ ഉയര്‍ത്താനും നിയമം ആവശ്യപ്പെടുന്നു. നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ പിഴകള്‍ നേരിടേണ്ടിവരും. അതേസമയം നിയമ, വ്യവസ്ഥകള്‍ നിറവേറ്റുന്നവര്‍ക്ക് പ്രോത്സാഹനങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.
യു.എ.ഇയില്‍ 200 ലധികം രാജ്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. മൊത്തം ജനസംഖ്യയുടെ ഏകദേശം 12 ശതമാനം മാത്രമാണ് സ്വദേശികള്‍. ഈ നിയമം പ്രാബല്യത്തിൽ വന്നാൽ ഇതിൽ മാറ്റം വരുത്തും എന്നാണ് പ്രതീക്ഷ.



