അബുദാബി– ഏറ്റവും ചിലവ് കുറഞ്ഞ വിമാന കമ്പനിയായ ‘വിസ് എയർ’ അബുദാബിയിൽ പ്രവർത്തനം നിർത്താൻ തീരുമാനിച്ചതോടെ വലഞ്ഞ് യാത്രക്കാർ. കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ പറ്റുന്ന മറ്റ് വഴികൾ ഉണ്ടോ എന്ന് തേടുകയാണ് യാത്രക്കാർ ഇപ്പോൾ. എന്നാൽ, ‘വിസ് എയർ’ പ്രവർത്തനം നിർത്തുന്നതോടെ വിമാന നിരക്കുകൾ ഇനി 50%-ത്തിലധികം വർദ്ധിച്ചേക്കാമെന്നാണ് ട്രാവൽ ഏജന്റുമാർ മുന്നറിയിപ്പ് നൽകുന്നത്. മറ്റു വിമാനകമ്പനികളെ യാത്രക്കാർ ആശ്രയിക്കാൻ നോക്കുമെങ്കിലും ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാനാണ് സാധ്യത.
വിസ് എയറിന്റെ ടിക്കറ്റുകൾ അധികവും യാത്രക്കാർ രണ്ടോ മൂന്നോ മാസം മുമ്പ് ബുക്ക് ചെയ്യുന്നതാണെന്നും അവർ പ്രവർത്തനം അവസാനിപ്പിക്കുന്നതോടെ യാത്രക്കാരുടെ ബുക്കിംഗ് ശീലങ്ങളിലും എയർലൈൻ വ്യവസായത്തിലുള്ള വിശ്വാസത്തിലും മാറ്റം വരാൻ സാധ്യതയുണ്ടെന്നും ട്രാവൽ ഏജന്റുമാർ വ്യക്തമാക്കുന്നു.
വിസ് എയർ 2025 സെപ്റ്റംബർ 1-ന് അബുദാബി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതോടെ 2025 ഓഗസ്റ്റ് 31-ന് ശേഷം ബുക്കിംഗ് ചെയ്തവരെ റീഫണ്ട് നൽകുന്നതിനോ ഇതര യാത്രാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനോ കമ്പനി ഇമെയിൽ വഴി ബന്ധപ്പെടുന്നതാണ്. ട്രാവൽ ഏജന്റുമാർ വഴിയോ അല്ലെങ്കിൽ ഏതെങ്കിലും മൂന്നാം കക്ഷി പ്ലാറ്റ്‌ഫോമുകൾ വഴിയോ ബുക്ക് ചെയ്ത യാത്രക്കാർക്ക് സഹായത്തിനായി അവരുടെ ഏജന്റുമാരെ ബന്ധപ്പെടാവുന്നതാണ്.