റാസൽഖൈമ: യു.എ.ഇ.യിലെ റാസൽഖൈമയിൽ ഇടുങ്ങിയ വഴിയിലെ ഗതാഗത തർക്കം ദാരുണമായ വെടിവെപ്പിലേക്കും മൂന്ന് സ്ത്രീകളുടെ മരണത്തിലേക്കും നയിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ വെറും അഞ്ച് മിനിറ്റിനുള്ളിൽ വകുപ്പുതല പരിശോധനാ സംഘം സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതായും കൃത്യത്തിന് ഉപയോഗിച്ച തോക്ക് കണ്ടെടുത്തതായും അധികൃതർ അറിയിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
വാഹനം കടന്നുപോകുന്ന വഴിയെച്ചൊല്ലിയുള്ള തർക്കമാണ് വെടിവെപ്പിന് കാരണമായതെന്ന് പോലീസ് സ്ഥിരീകരിച്ചു. ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ വന്ന പ്രതി തോക്കെടുത്ത് മൂന്ന് സ്ത്രീകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റ മൂന്ന് സ്ത്രീകളെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ, പൊതുജനങ്ങൾ ആത്മനിയന്ത്രണം പാലിക്കണമെന്നും ദൈനംദിന ജീവിതത്തിലെ ചെറിയ തർക്കങ്ങൾ വഷളാകാതെ ശ്രദ്ധിക്കണമെന്നും റാസൽഖൈമ പോലീസ് അഭ്യർഥിച്ചു.