ദുബായ്:ദുബായിൽ മരിച്ച പ്രവാസി മലയാളി തൃശൂർ ഗുരുവായൂർ കാരക്കാട് വള്ളിക്കാട്ടുവളപ്പിൽ സുരേഷ് കുമാറിന്‍റെ (59) മൃതദേഹം നാളെ തിങ്കളാഴ്ച രാവിലെ നാട്ടിലേക്ക് കൊണ്ടുപോകും.
13 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് ദുബായിലെ സൗദി ജർമൻ ആശുപത്രിയിൽ നിന്ന് മൃതദേഹം വിട്ടുകിട്ടിയത്. ആശുപത്രിയിൽ അടയ്ക്കേണ്ടിയിരുന്ന മുഴുവൻ തുകയും അധികൃതർ വേണ്ടെന്ന് വച്ചതോടെയാണ് ഇത് സാധ്യമായത്.
മൃതദേഹം നാളെ രാവിലെ ആറ് മണിക്ക് ഷാർജ-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് EK412-ൽ കൊണ്ടുപോകും.
ദുബായിൽ ഡ്രൈവറായിരുന്ന സുരേഷ്കുമാർ ഏപ്രിൽ 5നാണ് പനിയെ തുടർന്നു സുഹൃത്തിനൊപ്പം ആശുപത്രിയിലെത്തിയത്. വൈകാതെ ന്യൂമോണിയ സ്ഥിരീകരിക്കുകയും സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തു. 14 ദിവസം വെന്‍റിലേറ്ററിൽ ആയിരുന്നു. 22ന് മരണപ്പെടുകയും ചെയ്തു.
ഹോസ്പിറ്റലിൽ ചികിൽസയിലായിരിക്കെ ഭീമമായ ആശുപത്രി ബിൽ അടയ്ക്കാൻ ബാക്കിയുള്ളതിനാൽ ആശുപത്രിയിൽ നിന്നു മൃതദേഹം വിട്ടുകൊടുക്കാൻ അധികൃതർ ആദ്യം തയ്യാറായില്ല. ഇതോടെ ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം നാട്ടിൽ കണ്ണീരോടെ കഴിയുകയായിരുന്നു.
അധികൃതരുടെ കനിവിൽ വിട്ടുകിട്ടിയ മൃതദേഹം മുഹൈസിനയിലെ (സോണാപൂർ) മെഡിക്കൽ ഫിറ്റ്നസ് സെന്‍ററിലേക്ക് മാറ്റി. തുടർന്ന് വൈകിട്ട് എംബാമിങ് നടപടികൾ നടക്കും. ഈ നടപടികൾക്ക് സാമൂഹിക പ്രവർത്തകരായ അഷ്റഫ് താമരശ്ശേരിയും റിയാസ് കൂത്തുപറമ്പും നേതൃത്വം നൽകുന്നുണ്ട്.
സുരേഷ് കുമാർ അംഗമായിരുന്ന ദുബായ്– കേരള ടാക്സി പിക്കപ്പ് ഡ്രൈവേഴ്സ് അസോസിയേഷനാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾക്കുള്ള ചെലവ് വഹിക്കുന്നത്.