അബുദാബി: ഇത്തിഹാദ് റെയിൽവേയുടെ പാസഞ്ചർ ട്രെയിനുകളിലും സ്റ്റേഷനുകളിലും റെയിൽവേ പരിസരങ്ങളിലും നിയമലംഘനം നടത്തുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് 100 ദിർഹം മുതൽ 10,000 ദിർഹം വരെയാണ് പിഴ ഈടാക്കുന്നത്. അംഗീകൃത ഉദ്യോഗസ്ഥർക്കായിരിക്കും പിഴ ചുമത്താൻ അധികാരമുണ്ടായിരിക്കുക. സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, ടിക്കറ്റ് പരിശോധനയ്ക്ക് ഹാജരാക്കാതിരിക്കുക, മറ്റൊരാളുടെ ടിക്കറ്റ് ഉപയോഗിക്കുക, അർഹതയില്ലാത്ത കൺസെഷൻ ടിക്കറ്റുകൾ ഉപയോഗിക്കുക, ട്രെയിനുകളിലും സ്റ്റേഷനുകളിലും മാലിന്യം നിക്ഷേപിക്കുക, ട്രെയിൻ സീറ്റുകളിൽ കാലുകൾ വെക്കുക, ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം പ്ലാറ്റ്‌ഫോമിൽ നിന്ന് പുറത്തിറങ്ങാൻ വിസമ്മതിക്കുക, ജീവനക്കാരുടെ നിർദ്ദേശങ്ങൾ അവഗണിക്കുക, വ്യാജ ടിക്കറ്റുകൾ നിർമ്മിക്കുകയോ മാറ്റങ്ങൾ വരുത്തുകയോ ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് 200 ദിർഹം വീതമാണ് പിഴ ചുമത്തുക. ഇതിനു പുറമെ റിസർവ് ചെയ്ത സീറ്റുകൾ അനധികൃതമായി കൈവശപ്പെടുത്തുന്നതിനും അനുവദിച്ചതിലും ഉയർന്ന ക്ലാസിൽ യാത്ര ചെയ്യുന്നതിനും ഇതേ തുക പിഴയായി നൽകണം.
പുകവലി, ഇലക്ട്രോണിക് സിഗരറ്റുകളുടെ ഉപയോഗം, യാത്രക്കാരെയോ ജീവനക്കാരെയോ ശല്യം ചെയ്യുന്ന തരത്തിൽ അധിക്ഷേപിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുക, പൊതുസ്ഥലത്ത് തുപ്പുകയോ മലിനമാക്കുകയോ ചെയ്യുക, ട്രെയിൻ വാതിലുകൾ തുറക്കാൻ ശ്രമിക്കുകയോ വാതിൽ അടയ്ക്കുന്നത് തടയുകയോ ചെയ്യുക, മുൻകൂർ അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങൾക്കായി ഫോട്ടോയോ വീഡിയോയോ എടുക്കുക, ട്രെയിൻ നീങ്ങുമ്പോൾ കയറാനോ ഇറങ്ങാനോ ശ്രമിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് 500 ദിർഹം വീതമാണ് പിഴ ചുമത്തുക.
സുരക്ഷാ ഉപകരണങ്ങളായ എമർജൻസി അലാറം, എമർജൻസി ബ്രേക്ക്, അഗ്നിശമന ഉപകരണങ്ങൾ എന്നിവ നശിപ്പിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുക, അനുമതിയില്ലാതെ റെയിൽവേ ട്രാക്കുകളിലോ നിയന്ത്രിത മേഖലകളിലോ പ്രവേശിക്കുക, റെയിൽവേ സ്വത്തുക്കൾക്കും ട്രെയിനുകൾക്കും നാശനഷ്ടങ്ങൾ വരുത്തുക, ചുവരെഴുത്തുകൾ നടത്തുക, ട്രെയിനുകൾക്ക് നേരെ വസ്തുക്കൾ എറിയുക തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങൾക്ക് 5,000 ദിർഹം പിഴ ചുമത്തും. അടിയന്തിര സാഹചര്യങ്ങളിലല്ലാതെ എമർജൻസി എക്സിറ്റുകൾ ഉപയോഗിക്കുന്നതിനും ഇതേ പിഴ ബാധകമാണ്.
പട്ടികയിൽ പ്രത്യേകം പരാമർശിക്കാത്ത മറ്റ് നിയമലംഘനങ്ങൾക്ക് കുറ്റത്തിന്റെ തീവ്രതയനുസരിച്ച് 100 മുതൽ 10,000 ദിർഹം വരെ പിഴ ഈടാക്കാൻ ഇത്തിഹാദ് റെയിലിന് അധികാരമുണ്ട്. പിഴയടച്ചാലും നിയമലംഘനത്തിന്റെ ഗൗരവമനുസരിച്ച് നിയമനടപടികൾ സ്വീകരിക്കുന്നതിനോ കേസ് പ്രോസിക്യൂഷന് വിടുന്നതിനോ അധികൃതർക്ക് തടസ്സമില്ലെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു



