ഷാർജ: ഓർമകളും ജീവിതവും നഷ്ടമായി ഒൻപത് മാസത്തോളം ഷാർജയിൽ ഒറ്റപ്പെട്ടുപോയ വയോധികന് ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെയും ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്‍റെയും നിതാന്തമായ പരിശ്രമത്തിനൊടുവിൽ ബുധൻ പുലർച്ചെ ജന്മനാട്ടിൽ ഉറ്റവരുടെ അടുത്തേക്ക് മടക്കം.തന്റെ പേര് മാത്രം ഓർമയിലുണ്ടായിരുന്ന കശ്മീർ സ്വദേശി റാഷിദ് അൻവർ ധർ പ്രവാസിയാണ് ഓർമകൾ വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിലും കുടുംബത്തിന്‍റെ ആശ്വാസ തണലിലേക്ക് തിരിച്ചെത്തുന്നത്.
മാസങ്ങൾക്കു മുമ്പ് ആശുപത്രി വേഷത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇദ്ദേഹത്തെ അസോസിയേഷൻ ഭാരവാഹികൾ കണ്ടെത്തുന്നത്.
കഴിഞ്ഞ വർഷം മേയ് 17 ന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന ഇന്ത്യൻ കോൺസുലേറ്റിന്റെ ഓപൺ ഹൗസിലായിരുന്നു അത്. കൈവശം പാസ്പോർട്ടുമുണ്ടായിരുന്നില്ല. ഇന്ത്യക്കാരനായ താൻ ഡോക്ടറാണെന്നും 84 വയസ്സായെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഓർമകളിൽ പേരോ നാടോ ഇല്ല. ആകെയുള്ളത് ഡോക്ടർ ആണെന്ന അവ്യക്തമായ ഒരോർമ മാത്രം.
താത്കാലികമായി ഭാരവാഹികൾ അദ്ദേഹത്തിന് അസോസിയേഷനിൽ താമസ സൗകര്യവും ഭക്ഷണവും നൽകി. തുടർന്ന് ആശുപത്രികൾ, പോലീസ് സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് നിലക്കാത്ത അന്വേഷണങ്ങൾ. നിരന്തരമായ അന്വേഷണങ്ങൾക്കൊടുവിലാണ് കാശ്മീരിലെവിടെയോ ഉള്ള ഒരു ഗ്രാമത്തിലാണ് റാഷിദ് അൻവർ ധറിന്‍റെ കുടുംബം എന്നറിയുന്നത്. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ,ഡെപ്യൂട്ടി കോൺസൽ ജനറൽ യതിൻ പട്ടേൽ,കോൺസൽ പബിത്ര കുമാർ എന്നിവരുടെ സഹായത്തോടെയാണ് ഇദ്ദേഹത്തിന്‍റെ കുടുംബത്തെ കണ്ടെത്താൻ സാധിച്ചതെന്ന് ഇന്ത്യൻ അസോസിയേഷൻ അധികൃതർ പറഞ്ഞു. ഇവരുടെ ശ്രമഫലമായി പകരം പാസ്പോർട്ട് നൽകുകയും ചെയ്തു. ഇതോടെയാണ് മടക്ക യാത്ര സാധ്യമായത്.
ഏതാണ്ട് 9 മാസക്കാലം സ്വന്തം കുടുംബാംഗത്തെ പോലെ ശുശ്രൂഷിച്ച മുസ്തഫ, അയ്മൻ അവസാനം വരെ കൂടെ നിന്ന ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ ഭാരവാഹികൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ അസോസിയേഷൻ പി ആർ ഒ ശ്രീഹരി തുടങ്ങിയവരുടെയെല്ലാം പിന്തുണയെ അധികൃതർ പ്രശംസിച്ചു.
യാത്രയിൽ അസോസിയേഷൻ മാനേജിങ്ങ് കമ്മിറ്റി അംഗം പ്രഭാകരൻ അദ്ദേഹത്തെ അനുഗമിച്ചു.