അബുദാബി: മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ചും അവ ചെറുക്കാനുള്ള മാർഗങ്ങളെക്കുറിച്ചും അവബോധം വളർത്താനായി അബുദാബി പോലീസ് സ്മാർട്ട് ബസ് പുറത്തിറക്കി.
‘എന്റെ കുടുംബമാണ് ഏറ്റവുംവലിയ സമ്പത്ത് ’ എന്ന് ആലേഖനംചെയ്ത ബസ് കഴിഞ്ഞ ദിവസം ലോക ലഹരിവിരുദ്ധദിനത്തിലാണ് പുറത്തിറക്കിയത്.
ഫറാ സെന്ററിലുള്ള ബസിലെ സ്മാർട്ട് സ്‌ക്രീനുകളിൽ മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങൾ വിവരിക്കുന്നുണ്ടെന്ന് ആന്റി-നർകോട്ടിക്സ് ഡയറക്ടറേറ്റ് ഡയറക്ടർ കേണൽ താഹിർ ഗരീബ് അൽ-ദാഹിരി പറഞ്ഞു.
മയക്കുമരുന്ന് ബോധവത്കരണവുമായി ബന്ധപ്പെട്ട് എമിറേറ്റിൽ നടക്കുന്ന ശില്പശാലകൾ, പ്രഭാഷണങ്ങൾ, പരിപാടികൾ, സമ്മേളനങ്ങൾ എന്നിവ സംബന്ധിച്ച വിശദവിവരങ്ങളും ബസ് നൽകും. വിദ്യാർഥികൾ, മാൾ സന്ദർശകർ എന്നിവർക്കായുള്ള വിദ്യാഭ്യാസപരിപാടികളിൽ പുതിയ സംരംഭം ശ്രദ്ധകേന്ദ്രീകരിക്കും.