ദുബായ്: രാജ്യത്ത് 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴമൂലം ദുരിത ബാധിതരായ എല്ലാ കുടുംബങ്ങൾക്കും സമ്പൂർണ്ണ പിന്തുണ നൽകാൻ അധികൃതരോട് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദേശിച്ചു. പൗരന്മാരെന്നോ പ്രവാസികളെന്നോ ഭേദമില്ലാതെ ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികൾ രാജ്യത്തിന്റെയും ജനങ്ങളുടെയും കരുത്ത് വെളിവാക്കുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
അതിനിടെ, ശക്തമായ മഴക്ക് പിന്നാലെ യു.എ.ഇ സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നു. രാജ്യത്തെ മഴ പൂർണമായി മാറി. ശക്തമായ മഴയെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ ഒഴിവാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം, രാജ്യത്തെ റോഡ് – വ്യോമ ഗതാഗതം ഇനിയും സാധാരണ നിലയിലായിട്ടില്ല. ഇന്നലെ മുഴുവൻ കാലാവസ്ഥ മാറി ആകാശം തെളിഞ്ഞു. മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ രാജ്യവ്യാപകമായി അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പഠനം നടത്താനൊരുങ്ങുകയാണ് യുഎഇ. പ്രസിഡന്റ് ഇതിനെക്കുറിച്ച് പഠിക്കാൻ നിർദേശം നൽകി.
അതേസമയം, വിമാനത്താവളങ്ങൾ ഇനിയും സാധാരണ നിലയിലേക്കെത്തിയിട്ടില്ല. ഉടൻ തന്നെ എല്ലാം പൂർവ്വ സ്ഥിതിയിലേക്കാകുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ നിന്നുളളതും കേരളത്തിലേക്കുളളതുമായ നിരവധി വിമാനങ്ങൾ റദ്ദാക്കിയത് പ്രവാസികളെയടക്കം ദുരിതത്തിലാക്കിയിട്ടുണ്ട്.