ഷാര്‍ജ – ഷാര്‍ജ പോലീസ് സഹായത്തോടെ യു.എ.ഇ പൗരനും മകള്‍ക്കും 35 വര്‍ഷത്തിനു ശേഷം വൈകാരികമായ പുനഃസമാഗമം. പിതാവിനെ ഒരുനോക്കു കാണാന്‍ അവസരമൊരുക്കമെന്ന യുവതിയുടെ ഹൃദയാര്‍ദ്രമായ അപേക്ഷയും ഷാര്‍ജ പോലീസിന്റെ വേഗത്തിലുള്ളതും അനുകമ്പയാര്‍ന്നതുമായ പ്രതികരണവുമാണ് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന വേര്‍പിരിയലിന് അറുതി വരുത്തിയത്. പ്രതീക്ഷയുടെയും പുനഃസമാഗമത്തിന്റെയും ഹൃദയസ്പര്‍ശിയായ അധ്യായത്തിലൂടെ ഷാര്‍ജ പോലീസ് കമ്മ്യൂണിറ്റി പ്രൊട്ടക്ഷന്‍ ആന്റ് പ്രിവന്‍ഷന്‍ വകുപ്പ് 35 വര്‍ഷത്തെ വേര്‍പിരിയലിനു ശേഷം യുവതിയെയും പിതാവിനെയും വിജയകരമായി വീണ്ടും ഒന്നിപ്പിച്ചു.
യു.എ.ഇക്ക് പുറത്ത് താമസിക്കുന്ന യുവതി, സങ്കീര്‍ണമായ കുടുംബ സാഹചര്യങ്ങള്‍ കാരണം ജനനം മുതല്‍ ഒ രിക്കല്‍ പോലു കാണാതിരുന്ന തന്റെ പിതാവിനെ കണ്ടെത്താനും കാണാനും സഹായം അപേക്ഷിച്ച് ഷാര്‍ജ പോലീസിനെ സമീപിച്ചതോടെയാണ് പുനഃസമാഗമത്തിന് വഴിയൊരുങ്ങിയത്. കുടുംബ ഐക്യത്തിനും സാമൂഹിക പിന്തുണക്കുമുള്ള ഷാര്‍ജ പോലീസിന്റെ പ്രതിബദ്ധതയെ ഈ മാനുഷിക സംരംഭം പ്രതിഫലിപ്പിക്കുന്നതായി കമ്മ്യൂണിറ്റി പ്രൊട്ടക്ഷന്‍ ആന്റ് പ്രിവന്‍ഷന്‍ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. അഹ്മദ് സഈദ് അല്‍നൂര്‍ പറഞ്ഞു.
സെന്‍സിറ്റീവ് കുടുംബ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും തകര്‍ന്ന കുടുംബ ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ആളുകളെ സഹായിക്കുന്നതിലും ഞങ്ങള്‍ വഹിക്കുന്ന മാനുഷികവും സാമൂഹികവുമായ പങ്കിനെ ഈ കേസ് പ്രതിനിധീകരിക്കുന്നതായി ബ്രിഗേഡിയര്‍ ജനറല്‍ ഡോ. അഹ്മദ് സഈദ് അല്‍നൂര്‍ പറഞ്ഞു.
ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പിതാവിനെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് യുവതിയില്‍ നിന്ന് ഞങ്ങള്‍ക്ക് ഹൃദയാര്‍ദ്രമായ സന്ദേശം ലഭിക്കുകയായിരുന്നെന്ന് കമ്മ്യൂണിറ്റി പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹ്മദ് മുഹമ്മദ് അല്‍മരി പറഞ്ഞു. ഉടന്‍ തന്നെ കേസ് കൈകാര്യം ചെയ്യാനായി ഞങ്ങളുടെ കുടുംബ, സാമൂഹിക പ്രശ്ന യൂനിറ്റില്‍ നിന്നുള്ള പ്രത്യേക സംഘം രൂപീകരിച്ചു. സംഘം യുവതിയെ നേരിട്ട് ബന്ധപ്പെടുകയും പുനഃസമാഗമം വൈകിപ്പിച്ചേക്കാവുന്ന തടസ്സങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.
യു.എ.ഇയില്‍ സുഗമമായി എത്താന്‍ യുവതിക്ക് വിമാന ടിക്കറ്റും നല്‍കി. കൂടിക്കാഴ്ചക്കായി സ്വകാര്യവും സുരക്ഷിതവുമായ ഇടവും ക്രമീകരിച്ചു. വൈകാരിക നിമിഷത്തില്‍ ഇരുവര്‍ക്കും ആവശ്യമായ പിന്തുണയും മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ സാമൂഹിക പിന്തുണാ വിദഗ്ധരെ സ്ഥലത്ത് നിയോഗിക്കുകയും ചെയ്തു. കുടുംബ സ്ഥിരതയെ പിന്തുണക്കാനും സാമൂഹിക കേസുകള്‍ ആഴത്തിലുള്ള മാനങ്ങളോടെ അഭിസംബോധന ചെയ്യാനുമുള്ള ഞങ്ങളുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഫലമാണ് ഈ പുനഃസമാഗമം – ബ്രിഗേഡിയര്‍ അഹ്മദ് മുഹമ്മദ് അല്‍മരി പറഞ്ഞു.