ഷാർജ: ഷാർജ ലൈറ്റ് ഫെസ്റ്റിവലിൻ്റെ പതിനാലാം പതിപ്പിന് തുടക്കമായി. ഈ മാസം 23 വരെ എമിറേറ്റിലെ 12 സ്ഥലങ്ങളിലെ പ്രധാന നിർമിതികൾ രാത്രികളിൽ ദീപാലകൃതമാവും.’ലൈറ്റ്സ് ഓഫ് യൂണിറ്റ്’ എന്ന പ്രമേയത്തിലാണ് ഇത്തവണ വെളിച്ചോത്സവം ആഘോഷിക്കുന്നത്.
ബുധനാഴ്ച ഉദ്‌ഘാടനത്തിന്‍റെ ഭാഗമായി ഷാർജ റിസർച്ച്, ടെക്‌നോളജി ആൻഡ് ഇന്നവേഷൻ പാർക്കിൽ ഡ്രോണുകളുടെയും ലൈറ്റുകളുടെയും അകമ്പടിയോടെ ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ആകാശ ഛായാചിത്രം വരച്ചത് വിസ്മയക്കാഴ്ചയായി.
‘സ്‌മൈൽ, യു ആർ ഇൻ ഷാർജ’ എന്ന സന്ദേശം ഡ്രോണുകൾ ഉപയോഗിച്ച് വരച്ചാണ് ഉദ്‌ഘാടന ചടങ്ങ് അവസാനിപ്പിച്ചത്.
ലൈറ്റ് ഷോകൾ എല്ലാവർക്കും സൗജന്യമായി കാണാൻ സാധിക്കുമെങ്കിലും പ്രധാന ആകർഷണ കേന്ദ്രമായ ദി ലൈറ്റ് വില്ലേജിലേക്കുള്ള പ്രവേശനത്തിന് പ്രവേശന ഫീസ് നൽകണം. മുതിർന്നവർക്കും 12 വയസിന് മുകളിലുള്ള കുട്ടികൾക്കും 10 ദിർഹമാണ് ടിക്കറ്റ് നിരക്ക്.
120 ദിർഹത്തിന് സീസൺ പാസ് ലഭിക്കും. ഈ ടിക്കറ്റുകൾ ഓൺലൈനിലോ ഗ്രാമത്തിന്‍റെ കവാടത്തിൽ നിന്നോ വാങ്ങാം.11 വയസിന് താഴെയുള്ള കുട്ടികൾക്കും നിശ്ചയദാർഢ്യമുള്ളവർക്കും 60 വയസിന് മുകളിലുള്ള മുതിർന്നവർക്കും പ്രവേശനം സൗജന്യമാണ്.സന്ദർശകർക്ക് സൗജന്യ പാർക്കിങ് ലഭിക്കും. വാലെ പാർക്കിങ്ങും ഉണ്ട്.
ഷാർജ റിസർച്ച് ടെക്‌നോളജി ആൻഡ് ഇന്നന്‍റെവേഷൻ പാർക്ക്,
അൽ റഫീസ അണക്കെട്ട്,
അൽ ഹെഫായി തടാകം – കൽബ,
ഷാർജ മസ്ജിദ്,
ബീഹ ആസ്ഥാനം,
അൽ ദൈദ് കോട്ട,
അൽ ഹംരിയ ന്യൂ ജനറൽ സൂഖ്,
അൽ മജാസ് വാട്ടർഫ്രണ്ട് അൽ ഹീര ബീച്ച്,
അൽ തയ്യരി മസ്ജിദ്,
അൽ ഹീര ബീച്ച്,
അൽ ജാദ,
യൂണിവേഴ്സിറ്റി സിറ്റി ഹാൾ എന്നീ 12 സ്ഥലങ്ങളിൽ ലൈറ്റ് ഷോ കാണാൻ സാധിക്കും.