ഷാർജ– പ്രവാസി എഴുത്തുകാരൻ നസ്റുദ്ദീൻ മണ്ണാർക്കാട് രചിച്ച ‘‘ശഹീദേ മില്ലത്ത് ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട്’ പ്രകാശനം ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാലയുടെ മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ. കുറുപ്പ് പ്രമുഖ കാലിഗ്രഫര് ഖലീലുല്ല ചെംനാടിന് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന കാലമാണിതെന്ന് ഡോ. കെ.കെ.എൻ. കുറുപ്പ് അഭിപ്രായപ്പെട്ടു.ഇന്ത്യയിലെ ഉപനിഷത്തുകൾ പേർഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ മുഗൾ ഭരണാധികാരികളുടെ അതുല്യ സംഭാവനകളെ അവഗണിച്ച്, അവരെ മുഴുവൻ അതിക്രമികളായും വർഗീയവാദികളായും ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ ശക്തമാണ്. മുസ്ലിംകളുടെ സംഭാവനകളൊന്നും ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്ന തരത്തിൽ ചരിത്രത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മൂന്നര വർഷത്തെ ഗവേഷണഫലമായ ഈ കൃതി 122 പരമ്പരാഗത മാപ്പിളപ്പാട്ട് ഇശലുകളിലൂടെ ടിപ്പുസുൽത്താൻ്റെ സമഗ്ര ജീവിതം പുനസൃഷ്ടിക്കുകയാണ്.മാപ്പിളപ്പാട്ടിൻ്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ടിപ്പു സുൽത്താൻ്റെ സമ്പൂർണ്ണ ജീവചരിത്രം പാട്ടായി രേഖപ്പെടുത്തുന്നത്.
വിവാഹാഘോഷങ്ങൾ, യുദ്ധങ്ങൾ, പടയാത്രകൾ തുടങ്ങി ടിപ്പുവിൻ്റെ ജീവിതത്തിലെ പ്രധാന നാഴികകല്ലുകൾ ഈ കൃതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബുക്ക് പ്ലസാണ് പ്രസാധകർ. പുസ്തകത്തിലെ പ്രധാന കഥാസന്ദർഭങ്ങൾ ഉൾപ്പെടുത്തി പത്തു എപ്പിസോഡുകളായി കഥാവിവരണങ്ങൾ യൂട്യൂബിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.



