അബുദാബി– ചുവപ്പു ലൈറ്റ് മറികടന്ന് സിഗ്നൽ തെറ്റിച്ച് വാഹനമോടിച്ചതിന് ടാക്‌സി ഡ്രൈവർക്ക് 51,450 ദിർഹം പിഴ വിധിച്ച് അബുദാബി ലേബർ കോടതി. തുടക്കത്തിലെ പിഴയും അനുബന്ധ ചെലവുകളും കമ്പനി അടയ്ക്കേണ്ടിവന്നതോടെ കേസിനു പോയ കമ്പനിക്ക് അനുകൂലമായി കോടതി വിധിക്കുകയായിരുന്നു.
കമ്പനിയിലെ ടാക്‌സി ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന വ്യക്തി ചുവപ്പു ലൈറ്റ് മറികടന്ന് നിയമം ലംഘിച്ചിരുന്നു. നിയമപ്രകാരമുള്ള ആദ്യ പിഴ 3,000 ദിർഹം ആയിരുന്നെങ്കിലും, പലതവണ നോട്ടീസ് കിട്ടിയിട്ടും പിഴ അടക്കാത്തതിനാൽ കമ്പനിക്ക് 50,000 ദിർഹം വരെ അധിക പിഴയും, 1,450 ദിർഹം മറ്റുചെലവുകൾക്കായും അടയ്ക്കേണ്ടി വന്നു.
കമ്പനി കോടതിയെ സമീപിക്കുകയും ഇക്കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. വെറും 800 ദിർഹം മാത്രം ശമ്പളമുള്ള ടാക്സി ഡ്രൈവറുടെ ജോലിക്കാർഡും മറ്റു രേഖകളും കോടതി പരിശോധിച്ചു. കമ്പനി തുക അടച്ചതിന് തെളിവ് ഉണ്ടായതിനെ തുടർന്ന് എല്ലാ ചെലവുകളും ഡ്രൈവർ തിരിച്ചടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.
താൻ വാദിക്കുന്നതിന്റെ തെളിവ് കാണിക്കേണ്ടത് പരാതി നൽകുന്നവരുടെ ബാധ്യതയാണെന്ന് നിയമം വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസിൽ ഡ്രൈവർക്കെതിരായ എല്ലാ തെളിവുകളും കമ്പനി അധികൃതർ കോടതിയെ ബോധ്യപ്പെടുത്തിയതിനു പിന്നാലെയാണ് കോടതി കമ്പനിയ്ക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ചത്.