ദുബായ്: ദുബായ് നായിഫ് പ്രദേശത്തെ ഒരു കമ്പനിയിൽ നിന്ന് മൂന്ന് മില്യൺ ദിർഹം കവർന്ന കേസിൽ നാല് എത്യോപ്യൻ പൗരന്മാരുടെ സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ശേഖരിച്ച തെളിവുകൾ പ്രകാരം, മുഖംമൂടി ധരിച്ച ഒരാൾ പുലർച്ചെ നാല് മണിയോടെ ഓഫീസിൽ അതിക്രമിച്ചു കയറിയതായി കണ്ടെത്തിയിരുന്നു. മോഷണം നടന്ന വാരാന്ത്യത്തിന് ശേഷം തിങ്കളാഴ്ച രാവിലെ ഓഫീസ് തുറക്കാൻ എത്തിയ ഏഷ്യക്കാരനായ ഒരു ജീവനക്കാരനാണ് കുറ്റകൃത്യം നടന്നതായി കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിലെ ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ധർ, നായിഫ് പോലീസ് സ്റ്റേഷനിലെ ഡ്യൂട്ടി ഓഫീസർമാർ എന്നിവരടങ്ങുന്ന ഒരു പ്രത്യേക സംഘം ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ ദുബായിലെ താമസയിടത്തിൽ പ്രതികളെ കണ്ടെത്തി. ചോദ്യം ചെയ്യലിൽ സംഘാംഗങ്ങൾ കുറ്റകൃത്യം ചെയ്തുവെന്നും മോഷ്ടിച്ച പണം പങ്കിട്ടുവെന്നും സമ്മതിച്ചു. മോഷ്ടിച്ച പണത്തിന്‍റെ ഒരു ഭാഗം അന്വേഷണ സംഘം കണ്ടെടുത്തു. ബാക്കിയുള്ള തുക അനധികൃത പണ കൈമാറ്റ മാർഗങ്ങളിലൂടെ സ്വന്തം നാട്ടിലേക്ക് കടത്തിയതായി പൊലീസ് വെളിപ്പെടുത്തി.