ദുബായ് – പോലീസ് ഉദ്യോഗസ്ഥരായി വേഷം മാറി അഞ്ചംഗ സംഘം തട്ടിയെടുത്ത ആറു ലക്ഷം ദിര്‍ഹം തിരികെ നല്‍കണമെന്ന് ദുബായ് സിവില്‍ കോടതി ഉത്തരവിട്ടു. ഭൗതികവും മാനസികവുമായ കഷ്ടനഷ്ടങ്ങള്‍ക്ക് പ്രതികള്‍ 50,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കേസ് ഫയല്‍ ചെയ്ത തീയതി മുതല്‍ അഞ്ചു ശതമാനം നിയമപരമായ പലിശയും പ്രതികള്‍ നല്‍കണം. നിയമപാലകരായി വേഷം മാറി പണം തട്ടിയെടുത്ത കുറ്റത്തിന് പ്രതികളെ ശിക്ഷിച്ച ക്രിമിനല്‍ വിധിയെ അടിസ്ഥാനമാക്കി, മോഷ്ടിച്ച തുക, നിയമപരമായ പലിശ, നഷ്ടപരിഹാരമായി 1,50,000 ദിര്‍ഹം എന്നിവ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇര സമര്‍പ്പിച്ച സിവില്‍ കേസിലാണ് കോടതി വിധി പ്രസ്താവിച്ചത്.
ദുബായിലെ വാണിജ്യ മേഖലയില്‍ രാത്രി വൈകിയാണ് സംഭവം നടന്നത്. പ്രതികള്‍ ഇരയെ ഓഫീസ് കെട്ടിടത്തിന് സമീപം തടഞ്ഞുനിര്‍ത്തി സൈനിക തിരിച്ചറിയല്‍ കാര്‍ഡ് പോലെ തോന്നിക്കുന്ന ഒന്ന് പ്രദര്‍ശിപ്പിച്ച് അന്വേഷണ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് അയാളെ പരിശോധിച്ചക്കുകയായിരുന്നു. ഇരയുടെ മൊബൈല്‍ ഫോണ്‍, ബാങ്ക് കാര്‍ഡുകള്‍, ആറു ലക്ഷം ദിര്‍ഹം അടങ്ങിയ ബാഗ് എന്നിവ പ്രതികള്‍ പിടിച്ചെടുത്തു. തുടര്‍ന്ന് മറ്റൊരു പോലീസ് യൂണിറ്റ് എത്തുന്നതു വരെ കാത്തിരിക്കാന്‍ ആവശ്യപ്പെട്ട് പ്രതികള്‍ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു.
സംഭവത്തെ കുറിച്ച് പരാതി ലഭിച്ചയുടന്‍ സുരക്ഷാ വകുപ്പുകള്‍ ഊര്‍ജിത അന്വേഷണം നടത്തി പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. ക്രിമിനല്‍ കോടതി പ്രതികളെ കുറ്റക്കാരായി കണ്ടെത്തി ഓരോരുത്തര്‍ക്കും ആറ് മാസം തടവ് ശിക്ഷയും ആറു ലക്ഷം ദിര്‍ഹം പിഴയും വിധിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും ക്രിമിനല്‍ കോടതി ഉത്തരവിട്ടു. ക്രിമിനല്‍ വിധി അന്തിമമായ ശേഷം ഇര സിവില്‍ കേസ് നല്‍കുകയായായിരുന്നു.



