ദുബൈ– ഗൾഫ് മേഖലയെ ബാധിച്ച അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനിടെ യുഎഇയിൽ വീണ്ടും മഴ ശക്തമാകുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച മുതൽ മിതമായ മഴ രേഖപ്പെടുത്തി. ചിലയിടങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയും അനുഭവപ്പെട്ടു. ദുബൈ, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ മഴയോടൊപ്പം ശക്തമായ കാറ്റും റിപ്പോർട്ട് ചെയ്തു. കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നതനുസരിച്ച്, പ്രദേശത്തെ ബാധിച്ചിരിക്കുന്ന ന്യൂനമർദ്ദത്തിൻ്റെ സ്വാധീനത്തിൽ അടുത്ത രണ്ട് ദിവസവും മഴ തുടരുമെന്നാണ് സാധ്യത. പ്രത്യേകിച്ച് വടക്കൻ, കിഴക്കൻ മേഖലകളിൽ ശക്തമായ മഴയ്ക്കും ഇടിയോടുകൂടിയ കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. മഴയുടെ പശ്ചാത്തലത്തിൽ താപനിലയിൽ കുറവ് അനുഭവപ്പെടും.
അതേസമയം കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി. പോലീസും ദുരന്തനിവാരണ വിഭാഗവും വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളും വാദികളും ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ ഇടിയോടുകൂടിയ മഴ ഗൾഫ് മേഖലയിലെ പല ഭാഗങ്ങളിലും ഗതാഗതത്തെയും ദൈനംദിന ജീവിതത്തെയും ബാധിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങൾ തുടർന്നേക്കാമെന്നതിനാൽ ജനങ്ങൾ അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അഭ്യർത്ഥിച്ചു.



