ദുബൈ– യുഎഇയിൽ സ്വർണ വില ഇന്ന് (ജനുവരി 12) റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 553.50 ദിർഹമാണ് വില. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും ഡോളറിന് പകരമുള്ള സുരക്ഷിത നിക്ഷേപം എന്ന നിലയിലുള്ള ഡിമാൻഡുമാണ് ഇതിന് കാരണം. 22, 21 കാരറ്റ് സ്വർണ്ണത്തിനും വില വർധിച്ചു. 24 കാരറ്റ് ഗ്രാമിന് ഏകദേശം 553.50 ദിർഹവും, 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 512.75 ദിർഹവും, 21 കാരറ്റ് ഗ്രാമിന് 491.50 ദിർഹവും, 18 കാരറ്റ് ഗ്രാമിന് ഏകദേശം 421.25 ദിർഹവുമാണ് രേഖപ്പെടുത്തിയത്.
ഇറാനിലെ പ്രതിഷേധങ്ങളും യുഎസ് ആക്രമണ സാധ്യതയും അടക്കമുള്ള ആഗോള സാമ്പത്തിക-രാഷ്ട്രീയ അനിശ്ചിതത്വങ്ങളും ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷയും മൂലം സ്വർണത്തിൻ്റെ ഡിമാൻഡ് വർധിപ്പിക്കുകയും നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുകയും ചെയ്യുന്നതാണ് ഈ നിലയിൽ തുടർച്ചയായി വില കൂടാൻ കാരണമായിട്ടുള്ളതെന്നാണ് വിലയിരുത്തൽ.ഈ വിലക്കയറ്റം സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എന്നാൽ സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിൻ്റെ മൂല്യം ഇനിയും വർധിക്കുമെന്നാണ് കണക്ക്കൂട്ടൽ.



