അല്‍ഐന്‍ – അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പായി യുഎഇ. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പില്‍ കുടുംബത്തിന്റെ ഫോട്ടോ രഹസ്യമായി എടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തയാള്‍ക്ക് സിവില്‍, ക്രിമിനല്‍ കോടതി 40,000 ദിര്‍ഹം പിഴ ചുമത്തി. നിയമ ലംഘകന്റെ പ്രവൃത്തി മൂലം കഷ്ടനഷ്ടങ്ങള്‍ നേരിട്ട കുടുംബത്തിന് 30,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് അല്‍ഐന്‍ സിവില്‍, കൊമേഴ്സ്യല്‍ ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി ഉത്തരവിട്ടു.
കഫേയില്‍ വെച്ച് തങ്ങളുടെ ഫോട്ടോകള്‍ എടുത്ത് അനുമതിയില്ലാതെ ഓണ്‍ലൈനില്‍ പങ്കുവെച്ചതിലൂടെ പ്രതി തന്റെ കുടുംബത്തിന്റെ സ്വകാര്യത ലംഘിച്ചതായി വാദിച്ചുകൊണ്ട് 50,000 ദിര്‍ഹം നഷ്ടപരിഹാരവും കോടതി ചെലവുകളും ഫീസും ആവശ്യപ്പെട്ട് വാദി സിവില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയതിന് ക്രിമിനല്‍ കോടതി പ്രതിയെ നേരത്തെ ശിക്ഷിക്കുകയും 10,000 ദിര്‍ഹം പിഴ ചുമത്തുകയും ചെയ്തിരുന്നു. സിവില്‍ കേസില്‍ ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രതി കോടതിയില്‍ പ്രതിരോധ മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു. വാദിയുടെയും കുടുംബത്തിന്റെയും സ്വകാര്യത ലംഘിച്ചതിന് പ്രതിക്ക് ലഭിച്ച ശിക്ഷ അന്തിമമാണെന്ന് സിവില്‍ കോടതി വിധിയില്‍ പറഞ്ഞു. കുടുംബത്തിന്റെ സമ്മതമില്ലാതെ ഫോട്ടോ എടുക്കുന്നതും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കുന്നതും നിയമം സംരക്ഷിക്കുന്ന അവകാശമായ സ്വകാര്യതയുടെ വ്യക്തമായ ലംഘനമാണെന്നും കോടതി വിധിച്ചു. പ്രതിയുടെ പ്രവൃത്തികള്‍ കാരണം കുടുംബത്തിന് മാനസിക ഉപദ്രവം, നാണക്കേട്, ഉത്കണ്ഠ, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇടയില്‍ അപകീര്‍ത്തി എന്നിവ സംഭവിച്ചിട്ടുണ്ടെന്നും കോടതി കണ്ടെത്തി. തുടര്‍ന്ന് പ്രതി കോടതി ഫീസിനും ചെലവുകള്‍ക്കും പുറമേ 30,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് സിവില്‍ കോടതി വിധിക്കുകയായിരുന്നു.



