അബുദാബി: വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന് ശക്തമായ മുൻകരുതൽ മാർഗ നിർദേശവുമായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം. ഉത്കണ്ഠ, സമ്മര്‍ദ്ദം, അപസ്മാരം, ഉറക്കക്കുറവ് തുടങ്ങിയവ ചികിത്സക്കാനായി ഉപയോഗിക്കുന്ന മരുന്നുകള്‍ ലഹരിക്കായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലുംഡ്രഗ് പ്രിവന്‍ഷന്‍ ഗൈഡ് വിതരണം ചെയ്തിട്ടുണ്ട്. ഡ്രഗ് കണ്‍ട്രോള്‍ കൗണ്‍സിലിന്റെയും നാഷണല്‍ ഡ്രഗ് പ്രിവന്‍ഷന്‍ പ്രോഗ്രാമിന്റെയും സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയമാണ് ഗൈഡ് പുറത്തിറക്കിയത്.
നിയമപരമായ അവബോധം സൃഷ്ടിക്കുന്നതിനൊപ്പം ചികിത്സ, പു:നരധിവാസം എന്നിവയെ കുറിച്ചും ഗൈഡിൽ പ്രതിപാദിക്കുന്നുണ്ട്. വേദന സംഹാരി ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ അമിതമായി ഉപയോഗിക്കുന്നത് നിയമലംഘനമാണ്.
ഇത്തരം മരുന്നുകളുടെ അമിത ഉപയോഗം ഹൃദയം,ശ്വാസകോശം തുടങ്ങി മറ്റ് അവയവങ്ങളെ അപകടപ്പെടുത്തുമെന്നും ലഹരി ഉപയോഗത്തില്‍ നിന്നും ജനങ്ങള്‍ വിട്ടു നില്‍ക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.