കൊച്ചി– കൊച്ചി വിമാനത്താവളത്തിൽ എത്തിയ പ്രവാസിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാറിൽ കയറ്റി മർദിച്ച് ഫോണും ബാഗും തട്ടിയെടുത്ത ശേഷം വഴിയിൽ ഉപേക്ഷിച്ചു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ എയർ ഇന്ത്യ എക്സസ് വിമാനത്തിൽ ദുബൈയിൽ കൊച്ചി വിമാനത്താവളത്തിൽ എത്തിയ കാസർകോട് കിഴക്കേക്കര സ്വദേശി മുഹമ്മദ് ഷാഫിയെ(40) യാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയത്.
എയർപോർട്ടിൽ എത്തിയശേഷം പ്രീപെയ്‌ഡ് ടാക്‌സി കൗണ്ടറിലേക്ക് നടക്കുമ്പോൾ പിന്നിൽ നിന്ന് 3 പേർ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാറിൽ കയറ്റുകയായിരുന്നു. കാറിൽ മറ്റു 3 പേർ കൂടി ഉണ്ടായിരുന്നതായും മുഹമ്മദ് ഷാഫി പറഞ്ഞു. ഇവർ ഒരു ലക്ഷം രൂപ വില വരുന്ന ഫോണും ഹാൻഡ് ബാഗും ചെക്ക്-ഇൻ ബാഗും കവർന്നതായും ഷാഫി വ്യക്തമാക്കി. വിവിധ സ്ഥലങ്ങളിൽ കാറിൽ കറങ്ങിയ ശേഷം രണ്ടരയോടെ ആലുവ പറവൂർ കവലയിൽ ഇറക്കി വിട്ടെന്നും ഉപദ്രവിച്ച കാര്യം പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായും ഇയാൾ കൂട്ടിചേർത്തു. യുഎഇ അജ്‌മാനിൽ കാസർകോട്, മലപ്പുറം സ്വദേശികൾ ചേർന്ന് നടത്തുന്ന കോഫി ഷോപ്പിലെ ഡെലിവറി ബോയിയാണ് ഷാഫി.



