ദുബൈ– മലയാളിയായ പോളണ്ട് മൂസയുടെ ഉടമസ്ഥതയിലുള്ള ‘ഫ്രാഗ്രൻസ് വേൾഡ്’ 150 രാജ്യങ്ങളിൽ എത്തിയതിന്റെ ആഘോഷ പരിപാടികൾ ദുബൈ എക്‌സ്‌പോ സിറ്റിയിൽ നടന്നു. പോളണ്ട് മൂസയുടെ ജീവിത കഥ ആസ്പദമാക്കി തയ്യാറാക്കിയ ‘കുഞ്ഞോൻ’ എന്ന ഡോക്യുഫിക്ഷന്റെ ആദ്യ പ്രദർശനവും അദ്ദേഹത്തിന്റെ ജീവചരിത്രം ആസ്പദമാക്കി സെബിൻ പൗലോസ് രചിച്ച ‘ഫ്രാഗ്രൻസ് ഓഫ് ലെഗസി’ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനവും വേദിയിൽ നടന്നു. നടൻ മമ്മൂട്ടി മുഖ്യാതിഥിയായിരുന്നു. ഫ്രാഗ്രൻസ് വേൾഡിന്റെ ചരിത്രംപറയുന്ന ഡ്രോൺ ഷോയും അരങ്ങേറി
സിഇഒ പി.വി. സലാം, ജോയിന്റ് സി.ഇ.ഒ. പി.വി. സഫീൻ, ലബീബ് എന്നിവരുടെ സാന്നിധ്യത്തിൽ ഫ്രാഗ്രൻസ് വേൾഡിന്റെ ലോഗോ പ്രകാശനവുമുണ്ടായി. 150 രാജ്യങ്ങളിൽ നിന്നെത്തിയ വിതരണക്കാർക്കൊപ്പം ദുബൈയിലെ ബിസിനസ് പ്രമുഖരും സ്ഥാപനത്തിലെ തൊഴിലാളികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.കമ്പനിയിൽ കൂടുതൽ കാലയളവ് ജോലി ചെയ്തവരെയും ആദരിച്ചു. എല്ലാ ജീവനക്കാർക്കും തൊഴിലാളികൾക്കുമായി ഏഴു കോടിയിലധികം രൂപയുടെ സമ്മാനങ്ങളും വിതരണം ചെയ്തു.
1988-ൽ പോളണ്ടിൽവെച്ച് മൂസയുടെ ബിസിനസിന് ആദ്യമായി പിന്തുണ നൽകിയ പോളിഷ് വനിതയായ എലിസബത്ത്, 1989-ൽ ആദ്യത്തെ വിദേശ ഓർഡർ നൽകിയ ബൾഗേറിയ സ്വദേശിനി ലിലിയ പെട്രോവ, 1993-ൽ റഷ്യൻ മാർക്കറ്റിലേക്ക് കൈപിടിച്ചുയർത്തിയ കോൺസ്റ്റിൻ വാസ്നിക്കോ, 1995 മുതൽ പിന്തുണ നൽകുന്ന അസർബൈജാൻ സ്വദേശിയായ റാഷിദ് സഹവർഡീവ് തുടങ്ങിയവരെയെല്ലാം ചടങ്ങിൽ ആദരിച്ചു.



