അബുദാബി– യുഎഇ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും സംഘത്തേയും യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ സ്വീകരിച്ചു. കൊട്ടാരത്തിലെത്തിയ മുഖ്യമന്ത്രിക്ക് ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് നൽകിയത്. സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. ജയതിലക്, യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരും സന്നിഹിതരായിരുന്നു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ച പുലർച്ചെ അബുദാബി അൽ ബതീൻ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ യു.എ.ഇയിലെ ഇന്ത്യൻ അംബാസിഡർ ഡോ. ദീപക് മിത്തൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി,ലുലു ഗ്രൂപ്പ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, പ്രവാസി സംഘടനാ പ്രതിനിധികളെല്ലാം ചേർന്ന് ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.
ഇന്ന് (ശനിയാഴ്ച) വൈകിട്ട് നടക്കുന്ന കൈരളി ചാനലിന്‍റെ രജത ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി നാളെ (ഞായറാഴ്ച) വൈകിട്ട് പ്രവാസികളെ അഭിസംബോധന ചെയ്യും.



