ദുബായ് – കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ രേഖപ്പെടുത്തിയ ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. യു.എ.ഇയില്‍ ഉടനീളമുള്ള റഡാറുകള്‍ 1,01,74,591 അമിതവേഗ നിയമ ലംഘനങ്ങള്‍ കണ്ടെത്തി രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ അമിതവേഗ നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് അബുദാബിയിലാണ്. 50 ലക്ഷത്തിലേറെ അമിതവേഗ നിയമ ലംഘനങ്ങള്‍ കണ്ടെത്തി. രണ്ടാം സ്ഥാനത്തുള്ള ദുബായില്‍ 20 ലക്ഷത്തിലേറെ നിയമ ലംഘനങ്ങളും മൂന്നാം സ്ഥാനത്തുള്ള ഷാര്‍ജയില്‍ പത്തു ലക്ഷത്തിലേറെ നിയമ ലംഘനങ്ങളും രേഖപ്പെടുത്തി. മറ്റു എമിറേറ്റുകളില്‍ പത്തു ലക്ഷത്തില്‍ കുറവ് വീതം അമിതവേഗ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്.
പരമാവധി വേഗപരിധിയെക്കാള്‍ മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിച്ചതിന് 50 ലക്ഷത്തിലേറെ നിയമ ലംഘനങ്ങളും കൂടിയ വേഗപരിധിയെക്കാള്‍ മണിക്കൂറില്‍ 30 കിലോമീറ്ററില്‍ കൂടാത്ത നിലക്ക് വാഹനമോടിച്ചതിന് 40 ലക്ഷത്തിലേറെ നിയമ ലംഘനങ്ങളും രേഖപ്പെടുത്തി. അമിതവേഗ നിയമ ലംഘനങ്ങള്‍ക്ക് കര്‍ശനമായ പിഴകള്‍ ബാധകമാക്കിയിട്ടും കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഇത്രയധികം അമിതവേഗ നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
നിശ്ചിത വേഗപരിധിയെക്കാള്‍ മണിക്കൂറില്‍ 80 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ വാഹനമോടിക്കുന്നതിന് 3,000 ദിര്‍ഹം പിഴ, 23 ട്രാഫിക് പോയിന്റുകള്‍, 60 ദിവസത്തേക്ക് വാഹന കണ്ടുകെട്ടല്‍ എന്നീ ശിക്ഷകള്‍ ലഭിക്കും. നിശ്ചിത വേഗപരിധിയെക്കാള്‍ മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ വാഹനം ഓടിച്ചാല്‍ 2,000 ദിര്‍ഹം പിഴയും 12 ട്രാഫിക് പോയിന്റുകളും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും ലഭിക്കും. നിശ്ചിത വേഗപരിധിയെക്കാള്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വാഹനം ഓടിച്ചാല്‍ 1,500 ദിര്‍ഹം പിഴയും ആറ് ട്രാഫിക് പോയിന്റുകളും 15 ദിവസത്തേക്ക് കണ്ടുകെട്ടലുമാണ് ശിക്ഷ ലഭിക്കുക. ഇതില്‍ കുറഞ്ഞ വേഗതയില്‍ നിശ്ചിത വേഗപരിധി ലംഘിക്കുന്നവര്‍ക്ക് 300 ദിര്‍ഹം മുതല്‍ 1,000 ദിര്‍ഹം വരെ പിഴ ചുമത്തും.
അശ്രദ്ധയും ശ്രദ്ധക്കുറവുമാണ് പല അപകടങ്ങള്‍ക്കും പിന്നിലെ പ്രധാന കാരണങ്ങളെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഡാറ്റ വെളിപ്പെടുത്തുന്നു. റെഡ് സിഗ്നല്‍ കട്ട് ചെയ്യല്‍, അമിതവേഗം, മറ്റ് റോഡ് ഉപയോക്താക്കള്‍ക്ക് വഴങ്ങാതിരിക്കല്‍, അശ്രദ്ധമായ ഡ്രൈവിംഗ്, സുരക്ഷിതമല്ലാത്ത രീതിയില്‍ പിന്നോട്ട് പോകല്‍, നിയന്ത്രിത മേഖലകളില്‍ മറികടക്കല്‍ എന്നിവയും അപകടങ്ങള്‍ക്ക് പ്രധാന കാരണങ്ങളാണ്. സ്ഥിതിവിവരക്കണക്കുകള്‍ അപകടങ്ങളുടെ പ്രധാന കാരണങ്ങളിലേക്ക് വെളിച്ചം വീശുന്നു.
പെട്ടെന്നുള്ള ലെയ്ന്‍ മാറ്റങ്ങളാണ് പട്ടികയില്‍ ഒന്നാമത്. പെട്ടെന്നുള്ള ലെയ്ന്‍ മാറ്റങ്ങള്‍ 763 അപകടങ്ങള്‍ക്കും അശ്രദ്ധമായ ഡ്രൈവിംഗ് 732 അപകടങ്ങള്‍ക്കും കാരണമായി. റോഡ് അവസ്ഥകള്‍ കണക്കിലെടുക്കാതെയുള്ള അമിതവേഗം മൂലം 82 അപകടങ്ങള്‍ സംഭവിച്ചു. ഇക്കാരണത്താല്‍ അബുദാബിയില്‍ 60 ഉം ദുബായില്‍ 19 ഉം അപകടങ്ങളും ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ എന്നിവിടങ്ങളില്‍ ഓരോ അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
വാഹനം മറിയല്‍, ആളുകളെ ഇടിക്കല്‍, താഴേക്കു പതിക്കല്‍, പിന്‍വശത്തെ കൂട്ടിയിടികള്‍, റോഡിന് പുറത്തുള്ള വസ്തുക്കളില്‍ ഇടിക്കല്‍, മൃഗങ്ങളെ ഇടിക്കല്‍, വിളക്കുകാലുകളില്‍ ഇടിക്കല്‍, കോണ്‍ക്രീറ്റ് ബാരിക്കേഡുകളില്‍ ഇടിക്കല്‍, സൈന്‍ബോര്‍ഡുകളില്‍ ഇടിക്കല്‍ തുടങ്ങിയ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അമിതവേഗം കാരണമായ അപകടങ്ങളില്‍ ഉണ്ടാകുമെന്ന് മന്ത്രാലയം പറഞ്ഞു.