ദുബായ്: യുഎഇ ഗവൺമെന്റ് മീഡിയ ഓഫിസ് ഇൻഫ്ലുവൻസർമാർക്കായി സംഘടിപ്പിക്കുന്ന ‘വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റി’ന്റെ മൂന്നാം പതിപ്പിന് ദുബായിൽ തുടക്കമായി. സമൂഹ മാധ്യമങ്ങളിലെ കൊണ്ടന്റ് ക്രിയേറ്റർമാരുടെ ആഗോള സംഗമമാണിത്. Content For Good എന്നതാണ് മുന്ന് ദിനം നീണ്ടുനിൽക്കുന്ന ഈ പരിപാടിയുടെ പ്രമേയം. ദുബൈയിലെ എമിറേറ്റ്സ് ടവേഴ്സ്, ദുബൈ ഇന്റർനാഷനൽ ഫിനൻഷ്യൽ സെന്റർ, മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ എന്നിവിടങ്ങളിലായാണ് ഉച്ചകോടി. ആഗോള സ്ഥാപനങ്ങളിൽ നിന്നുള്ള 125ലധികം സി.ഇ.ഒമാർ സമ്മിറ്റിൽ പങ്കെടുക്കുന്നുണ്ട്. അമേരിക്കൻ ശതകോടീശ്വരനും ‘എക്സ്’ ഉടമയുമായ ഇലോൺ മസ്കിൻ്റെ മാതാവും നിരവധി ബ്രാൻഡുകളിലെ മോഡലുമായ 76 കാരി മെയ് മസ്കും പരിപാടിയിൽ പങ്കെടക്കുന്നുണ്ട്.
പാനൽ ചർച്ചകൾ, സംവാദങ്ങൾ, വർക്ക്ഷോപ്പുകൾ, റൗണ്ട് ടേബിൾ ചർച്ചകൾ എന്നിവയും നടക്കും. ബിസിനസ്, സമ്പദ്വ്യവസ്ഥ, നിക്ഷേപം, കൊണ്ടന്റ് ക്രിയേഷൻ എന്നിവയിലെ ഏറ്റവും പുതിയ ട്രെൻഡുകളാണ് ഈ ഉച്ചകോടിയിൽ പ്രധാനമായും ചർച്ചയാകുന്നത്.
സമ്മിറ്റിന് എത്തിച്ചേർന്ന പ്രതിനിധികളെ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം സ്വാഗതം ചെയ്തു. മികവുറ്റ ഉള്ളടക്കത്തിലൂടെ നല്ല മാറ്റത്തിന് പ്രചോദനം നൽകുന്ന സർഗാത്മക മനസ്സുകളെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം എക്സിൽ കുറിച്ചു.