അബുദാബി: അബുദാബി സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന് പുതിയ മാനേജിങ് കമ്മറ്റി നിലവില്‍ വന്നു. നിലവിലെ പ്രസിഡന്റ് പി.ബാവഹാജിയും ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ലയും തല്‍സ്ഥാനങ്ങളില്‍ തുടരും. നസീര്‍ രാമന്തളിയാണ് പുതിയ ട്രഷറര്‍. അബുദാബി സാമൂഹ്യ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരായ ഡോ.ജമീല്‍,അഹ്മദ് അല്‍ മുഹൈരി എന്നിവരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രധാന ഹാളില്‍ നടന്ന 54ാമത് വാര്‍ഷിക ജനറല്‍ ബോഡിയാണ് പുതിയ കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത്. 2004 മുതല്‍ തുടര്‍ച്ചയായി 21ാം തവണയാണ് പി.ബാവ ഹാജിയെ ഇസ്്‌ലാമിക് സെന്റര്‍ പ്രസിഡന്റായി തിരഞ്ഞെടുക്കുന്നത്. നേരത്തെയും വിവിധ ഘട്ടങ്ങളില്‍ ഏഴു തവണ പ്രസിഡന്റ് പദവി വഹിച്ച പ്രവാസികളുടെ പ്രിയപ്പെട്ട ബാവ ഹാജി ഐഐസിയില്‍ ആകെ 27 വര്‍ഷം പ്രസിഡന്റും 12 തവണ ജനറല്‍ സെക്രട്ടറിയുമായിട്ടുണ്ട്.
പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം നേടിയ മലപ്പുറം കക്കിടിപ്പുറം സ്വദേശിയായ ബാവഹാജി അരനൂറ്റാണ്ടിലേറെ കാലമായി പ്രവാസ ലോകത്ത് സജീവമാണ്. ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ടി.മുഹമ്മദ് ഹിദായത്തുല്ല മലപ്പുറം വേങ്ങര പറപ്പൂര്‍ സ്വദേശിയാണ്. മുന്‍ വര്‍ഷങ്ങളില്‍ സെന്ററിന്റെ വൈസ് പ്രസിഡന്റ്,ട്രഷറര്‍ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. യു.അബ്ദുല്ല ഫാറൂഖി,സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍,ആലുങ്ങല്‍ ഇബ്രാഹീം മുസ്‌ലിയാര്‍,മുഹമ്മദ് സമീര്‍ തൃക്കരിപ്പൂര്‍,അശ്‌റഫ് ഹാജി വാരം,അഹമ്മദ്കുട്ടി തൃത്താല,കെ.മുസ്തഫ വാഫി,അഷറഫ് ബേക്കല്‍ മൗവ്വല്‍,നൗഷാദ് ഹാഷിം ബക്കര്‍,അബ്ദുല്ല പിപി,സിദ്ദീഖ് എളേറ്റില്‍,അനീഷ് മംഗലം,മുഹമ്മദ്കുഞ്ഞി കൊളവയല്‍,മുഹമ്മദ് ശഹീം,മുഹമ്മദ് ബഷീര്‍ ചെമ്മുക്കന്‍,അലിക്കുഞ്ഞി ഒപി എന്നിവരാണ് മാനേജിങ് കമ്മിറ്റി ഭാരവാഹികള്‍.
ജനറല്‍ബോഡി യോഗത്തില്‍ പ്രസിഡന്റ് പി.ബാവഹാജി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി.ഹിദായത്തുല്ല സ്വാഗതം പറഞ്ഞു. അഡ്മിന്‍ സെക്രട്ടറി അഷറഫ് ഹാജി വാരം പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ബിസി അബൂബക്കര്‍ സാമ്പത്തിക റിപ്പോര്‍ട്ടും ഓഡിറ്റര്‍ സുനീര്‍ ചുണ്ടമ്പറ്റ ബജറ്റും അവതരിപ്പിച്ചു. സെന്ററിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഡിജിറ്റല്‍ റിപ്പോര്‍ട്ട് വീഡിയോ പ്രദര്‍ശനം ശ്രദ്ധേയമായി. സ്തുത്യര്‍ഹമായ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഐഐസി മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ക്കുള്ള ഉപഹാരം അബുദാബി സാമൂഹ്യ ക്ഷേമ വകുപ്പ് പ്രതിനിധികളായ അഹമ്മദ് അല്‍ മുഹൈരി,ഡോ.ജമീല്‍ എന്നിവര്‍ സമ്മാനിച്ചു. ഇലക്ഷന്‍ ഓഫീസര്‍മാരായ റസാഖ് ഒരുമനയൂര്‍,റഷീദലി മമ്പാട്,മന്‍സൂര്‍ മൂപ്പന്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍,സുന്നി സെന്റര്‍ ജനറല്‍ സെക്രട്ടറി കബീര്‍ ഹുദവി എന്നിവര്‍ പുതിയ ഭാരവാഹികളെ അഭിനന്ദിച്ച് സംസാരിച്ചു. ട്രഷറര്‍ നസീര്‍ രാമന്തളി നന്ദി പറഞ്ഞു.