അബുദാബി – ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ യു.എ.ഇ സന്ദര്‍ശനത്തെ കുറിച്ചും ഇസ്രായിലി സൈനിക പ്രതിനിധി സംഘത്തെ യു.എ.ഇ സ്വീകരിച്ചതിനെ കുറിച്ചും പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ യു.ഇ.എ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ നിഷേധിച്ചു. ഇസ്രായിലുമായുള്ള യു.എ.ഇയുടെ ബന്ധം പരസ്യമാണെന്നും, അറിയപ്പെടുന്നതും പരസ്യമായി പ്രഖ്യാപിച്ചതുമായ അബ്രഹാം ഉടമ്പടിയുടെ ചട്ടക്കൂടിനുള്ളില്‍ സ്ഥാപിതമായതാണെന്നും രഹസ്യമോ ഗോപ്യമോ ആയ ക്രമീകരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല എന്നും പ്രസ്താവനയില്‍ യു.എ.ഇ വ്യക്തമാക്കി. അപ്രഖ്യാപിത സന്ദര്‍ശനങ്ങളെ കുറിച്ചോ ക്രമീകരണങ്ങളെ കുറിച്ചോ ഉള്ള ഏതൊരു അവകാശവാദവും യു.എ.ഇയിലെ ബന്ധപ്പെട്ട ഔദ്യോഗിക വകുപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ലെങ്കില്‍ അടിസ്ഥാനരഹിതമാണ് എന്ന് പ്രസ്താവന പറഞ്ഞു. മാധ്യമ സ്ഥാപനങ്ങള്‍ കൃത്യതയും പ്രൊഫഷണലിസവും പാലിക്കണമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയ വിവരണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും യു.എ.ഇ ആഹ്വാനം ചെയ്തു. ഇറാനുമായുള്ള യുദ്ധത്തിനിടെ മാര്‍ച്ചില്‍ നെതന്യാഹു യു.എ.ഇ സന്ദര്‍ശിച്ചതായി ഇസ്രായില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. യു.എ.ഇയില്‍ ഇസ്രായില്‍ സൈനിക സംഘം പ്രവര്‍ത്തിക്കുന്നതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



