ദുബായ്- റാസൽഖൈമയിൽ വിമാനാപകടത്തിൽ മരിച്ച യുവ ഇന്ത്യൻ ഡോക്ടർക്ക് സ്മാരകമായി ഉഗാണ്ടയിൽ രണ്ടു പള്ളികൾ ഉയരുന്നു. യു.കെയിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ യുവ ഡോക്ടർക്കുള്ള സ്മാരകമായാണ് ഉഗാണ്ടയിൽ രണ്ടു പള്ളികൾ ഉയരുന്നത്. കൗണ്ടി ഡർഹാം ആന്റ് ഡാർലിംഗ്ടൺ എൻ.എച്ച്.എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ ക്ലിനിക്കൽ ഫെലോ ആയ 26 കാരനായ ഡോ. സുലൈമാൻ അൽ മജീദ്, 2024 ഡിസംബർ 26-നാണ് റാസൽ ഖൈമയിൽ വിമാനാപകടത്തിൽ മരിച്ചത്.
തന്റെ കുടുംബത്തെ കാണാൻ യു.എ.ഇ സന്ദർശിക്കുന്നതിനിടെ, ചെറുവിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഡോ. സുലൈമാൻ അൽ മജീദ് മരിച്ചത്. പാക് പൈലറ്റും അപകടത്തിൽ മരിച്ചിരുന്നു. ഡോ.സുലൈമാൻ അൽ മജീദിന്റെ ഓർമ്മയ്ക്കായി യു.കെയിലെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് ചാരിറ്റി ക്യാംപയിൻ ആരംഭിക്കുകുയം ചെയ്തു. ഒരു പള്ളിക്ക് ധനസഹായം നൽകാനാണ് കമ്മിറ്റി തീരുമാനിച്ചിരുന്നതെങ്കിലും സംഭാവന വിചാരിച്ചതിനേക്കാളും കൂടുതലെത്തി. തുടർന്നാണ് രണ്ടു പള്ളികൾ നിർമ്മിക്കാൻ തീരുമാനിച്ചത്. യു.കെ ആസ്ഥാനമായുള്ള മാനുഷിക സംഘടനയായ വൺ നേഷൻ വഴിയാണ് ഫണ്ട് സ്വരൂപിച്ചിരുന്നത്.
യുകെയിലുടനീളമുള്ള പള്ളികളിൽ ഡോ. സുലൈമാന് ആദരാഞ്ജലികളും ക്യുആർ കോഡുകളും അടങ്ങിയ പോസ്റ്ററുകൾ സ്ഥാപിച്ചു. ‘സദഖ ജാരിയ’ എന്ന ജീവകാരുണ്യ പ്രവർത്തനത്തിലൂടെയാണ് സംഭാവനകൾ എത്തിയത്. സെൻട്രൽ ലങ്കാഷെയർ സർവകലാശാലയിൽ (യുസിഎൽഎഎൻ) സേവനമനുഷ്ഠിച്ച കാലത്ത്, സുലൈമാൻ മെഡിക്കൽ സ്കൂൾ പ്രസിഡന്റായും പ്രവർത്തിച്ചു. ക്യാമ്പസിൽ പതിവായി വെള്ളിയാഴ്ച പ്രാർത്ഥനകൾ (ജുമുഅ) ആരംഭിക്കാൻ പ്രയത്നിച്ച സുലൈമാൻ, ജൂനിയർ ഡോക്ടർമാരുടെ ശമ്പള വർധനവിനും ക്ഷേമത്തിനും വേണ്ടി വാദിച്ചു, ഫലസ്തീൻ അവകാശങ്ങളുടെ തുറന്ന വക്താവായിരുന്നു ഡോ. സുലൈമാൻ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലഭിച്ച പിന്തുണ തന്നെ വികാരഭരിതനാക്കുന്നുവെന്ന് സുലൈമാന്റെ പിതാവ് മജീദ് മുഖറാം പറഞ്ഞു. ഈ ലക്ഷ്യത്തിന് പിന്നിൽ വിദ്യാർത്ഥികൾ എങ്ങനെ അണിനിരന്നു എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. സമാഹരിച്ച ഫണ്ടുകൾ ഉപയോഗിച്ച് ഉഗാണ്ടയിൽ ഇപ്പോൾ ഒരു പള്ളിക്ക് പകരം രണ്ട് പള്ളികൾ നിർമ്മിക്കാൻ സാധിച്ചു. അടുത്ത വർഷം ഹജിന് മുമ്പ് നിർമ്മാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡോ. സുലൈമാൻ യു.എ.ഇയിലാണ് ജനിച്ചു വളർന്നത്. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ (ബിഎംഎ) നോർത്തേൺ റെസിഡന്റ് ഡോക്‌ടേഴ്‌സ് കമ്മിറ്റിയുടെ ഓണററി സെക്രട്ടറിയായും പിന്നീട് സഹ-ചെയർമാനായും സേവനമനുഷ്ഠിച്ചു. “ജൂനിയർ ഡോക്ടർമാർ” എന്ന പദം “റസിഡന്റ് ഡോക്ടർമാർ” എന്നാക്കി മാറ്റുന്നതിൽ ഡോ. സുലൈമാന്റെ പോരാട്ടം വിജയത്തിലെത്തി.