ദുബായ്: ഫിൻലാൻ്റിൽ നിന്നുള്ള ഒമ്പതു വയസുകാരി അഡേൽ ഷെസ്റ്റോവ്സ്കക്ക് ഒരാഗ്രഹമേയുള്ളൂ, ദുബായ് കാണണം. അവിടത്തെ കടൽത്തീരങ്ങളും സ്കൈലൈനും അടങ്ങിയ കാഴ്ചകൾ കൺകുളിർക്കെ ആസ്വദിക്കണം. എന്നാൽ കിഡ്നിയിൽ ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന അഡെലിന് അതെത്ര എളുപ്പമായിരുന്നില്ല. അവളുടെ ആഗ്രഹം ഒടുവിൽ ഭരണനേതൃത്വത്തിൻ്റെ അടുത്തെത്തി.
ദുബായ് കിരീടാവകാശിയും യു.എ.ഇ പ്രതിരോധമന്ത്രിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിൻ്റെ നിർദേശ പ്രകാരം അധികൃതർ അഡെലിനും കുടുംബത്തിനും ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ദുബായ് സന്ദർശനം ഒരുക്കി കൊടുത്തു.
കുടുംബത്തെ സ്വാഗതം ചെയ്യുന്നതിനും അവരുടെ താമസകാര്യങ്ങൾ ക്രമീകരിക്കുന്നതിനും പ്രത്യേക സംഘത്തെ തന്നെ അധികൃതർ സജ്ജമാക്കി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) ഡയറക്ടർ ജനറൽ ലെഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി യാത്രയുടെ മേൽനോട്ടം വഹിച്ചു.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ അഡെലിയെയും കുടുംബത്തെയും ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥരും ദുബായിയുടെ യാത്രാ ഭാഗ്യ ചിഹ്നങ്ങളായ സാലമും സലാമയും ചേർന്ന് സ്വീകരിച്ചു. കുട്ടികളുടെ പാസ്‌പോർട്ട് കൺട്രോൾ കൗണ്ടറിൽ അഡെലിനും കുടുംബത്തിനും സ്വന്തം പാസ്‌പോർട്ടുകൾ സ്റ്റാമ്പ് ചെയ്യാനുള്ള അവസരവും ഒരുക്കി. നേരെ
കുടുംബത്തെ ജുമൈറ ബീച്ച് റെസിഡൻസിലുള്ള താമസ സ്ഥലത്തേക്ക് കൊണ്ടുപോയി.
പിന്നിടങ്ങോട്ട് അവൾ സ്വപ്നമായി മനസ്സിലൊതുക്കി കൊണ്ട് നടന്നിരുന്ന ദുബായിയുടെ മനോഹാരിത അവൾ ഒരോന്നായി ആസ്വതിച്ചു. ബീച്ചുകളിലൂടെ നടന്നും പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെ വന്യ ജീവികൾകൊപ്പം ഉല്ലസിച്ചും അവൾ ആവേശപരിതയായി. മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിലെ കാഴ്ചകളും ആയിരക്കണക്കിന് സമുദ്ര ജീവികളാൽ ചുറ്റപ്പെട്ടഅറ്റ്ലാന്റിസിലെ അക്വേറിയമായ
‘ദ് ലോസ്റ്റ് ചേംബേഴ്‌സി’ന്റെ ഗ്ലാസ് ടണലുകളും അവൾക്ക് വിസ്മയമായി.
അൽ ജലീല ചിൽഡ്രൻസ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് അവൾക്ക് വേണ്ട സുഖസൗകര്യങ്ങൾ ഉറപ്പാക്കാൻ മെഡിക്കൽ ക്രമീകരണങ്ങൾ അധികൃതർ ഒരുക്കിയിരുന്നു.
ഇതോടെ യാത്രക്കിടെ, വിനോദത്തിനപ്പുറം അഡെലിന്റെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്കുള്ള മുൻഗണനയും അധികൃതർ ഉറപ്പ് വരുത്തി.
അഡെലിനും കുടുംബത്തിനും അവിസ്മരണീയമായ അനുഭവം സൃഷ്ടിക്കുന്നതിൽ ഷെയ്ഖ് ഹംദാൻ അർപ്പിച്ച വിശ്വാസത്തിൽ സന്തോഷമുണ്ടെന്ന്ലഫ്.ജനറൽ മുഹമ്മദ് അൽ മർറി പറഞ്ഞു.
രോഗങ്ങളാൽ വലയുന്ന കുട്ടികളെ പരിചരിക്കുന്നതിലുള്ള ദുബായിയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
അഡെലിനും കുടുംബത്തിനുമുള്ള യാത്രയയപ്പ് ചടങ്ങിൽ ദുബായ് എയർപോർട്ട്‌സ്, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിമ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ, അൽ ജലീല ചിൽഡ്രൻസ് സ്പെഷാലിറ്റി ഹോസ്പിറ്റൽ, സ്കൈ വിഐപി ലിമോസിൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. തങ്ങൾക്ക് ലഭിച്ച അസാധാരണമായ ആതിഥ്യ മര്യാദയ്ക്കും പരിചരണത്തിനും അഡെലിന്റെ പിതാവ് വിറ്റാലി ഷെസ്റ്റോവ്സ്കി കൃതജ്ഞത രേഖപ്പെടുത്തി.