ദുബായ്: കൊച്ചി ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) യു.എ.ഇയിലെ പ്രമുഖ സംഘടനകളുമായി സഹകരിച്ച് ദുബായിൽ നടത്തിയ നീതിമേള നിരവധിപേർക്ക് സഹായകരമായി. നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമ പ്രശ്നങ്ങൾക്ക് സൗജന്യമായാണ് നിയമ സഹായം നൽകുന്നത്.
യു.എ.ഇയിലെ മുതിർന്ന അഭിഭാഷകനും നിയമ നിർമാണ സമിതി അംഗവുമായ ഡോ. ഹാനി ഹമൂദ് ഹജ്ജാജ് ഉദ്ഘാടനം ചെയ്തു. ദുബായ് സിഡിഎ സീനിയർ എക്സിക്യൂട്ടിവ് അഹമ്മദ് അൽ സാബി, ഡോ. ഖാലിദ് നവാബ് തുടങ്ങിയവർ വിശിഷ്ടാതിഥികളായി. വിവിധ എമിറേറ്റുകളിൽ നിന്നായി നൂറോളം പേർ പരാതികളുമായി വന്നു.
പാസ്പോർട്ട്, വീസ, ആധാർകാർഡ് തുടങ്ങി വിവിധ സിവിൽ, ക്രിമിനൽ കേസുകളിൽ യുഎഇയിലും നാട്ടിലുമുള്ള വിദഗ്ധ അഭിഭാഷകർ നിയമോപദേശം നൽകി. വാഹനാപകടം, സ്വത്തു തർക്കം, സ്വകാര്യ വ്യവഹാരങ്ങൾ, വിവാഹം, വിവാഹ മോചനം, ജീവനാംശം തുടങ്ങി വിവിധ പരാതികളാണ് എത്തിയത്.
പരാതിക്കാരുടെ തുടർ നടപടികൾക്കായി ഫോളോ അപ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നീതി മേള ചെയർമാൻ അഡ്വ. മുഹമ്മദ് സാജിദ്, നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് നിസാർ തളങ്കര, അക്കാഫ് പ്രസിഡന്റ് പോൾ ടി ജോസഫ്, എം എസ് എസ് സിക്രട്ടറി സജിൽ ഷൌക്കത്ത്, ഇന്ത്യൻ റിലീഫ് കമ്മിറ്റി പ്രസിഡന്റ് കരിം വെങ്കിടങ്ങ്, കെ.കെ. അഷ്‌റഫ്, മോഹൻ എസ് വെങ്കിട്ട്, ശരീഫ് കാരശ്ശേരി, കെ.വി.ഷംസുദീൻ, ബിജു പാപ്പച്ചൻ, നിഷാജ് ശാഹുൽ, അഡ്വ. നജ്മുദ്ദീൻ എന്നിവർ പ്രസംഗിച്ചു.