ദുബൈ– പ്രവാസ ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ സംഘടനയായ കേരള എക്സ്പാറ്റ് ഫുട്ബോൾ അസോസിയേഷൻ കഴിഞ്ഞ രണ്ട് മാസമായി സംഘടിപ്പിച്ചു വരുന്ന കെഫ ചാമ്പ്യൻസ് ലീഗ് സീസൺ 5ന്റെ കലാശ പോരാട്ടം ഇന്ന്. ദുബൈ ഖിസൈസിലെ റിനം സ്റ്റേഡിയത്തിൽ വൈകിട്ട് 6 മണി മുതലാണ് മത്സരങ്ങൾ ആരംഭിക്കുക.യൂത്ത് വിഭാഗത്തിൽ 20 ടീമുകളും മാസ്റ്റേഴ്സ് വിഭാഗത്തിൽ 8 ടീമുകളും മാറ്റുരച്ച ലീഗിൽ, മികവുറ്റ ടീമുകളാണ് കലാശ പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്.
മാസ്റ്റേഴ്സ് ഫൈനലിൽ കരുത്തരായ മറൈൻ കോസ്റ്റ എഫ്സി ലാക്കബൈറ്റ് ബേക്കറി സൈക്കോ ദുബൈയെ നേരിടും. തുടർന്ന് നടക്കുന്ന ഗ്രാൻഡ് ഫൈനൽ മത്സരത്തിൽ ഹസ്റ്റ്ലേഴ്സ് എഫ്സി അബ്രിക്കോ ഫ്രെയിറ്റ് എഫ്സിയും തമ്മിൽ ഏറ്റുമുട്ടും.
ദുബൈ പോലീസിന്റെ ബാൻഡ് പരേഡ്, കൈമുട്ടി പാട്ട്, ശിങ്കാരി മേളം, ദുബൈ ഫിറ്റ്നസ് ചാലഞ്ചിന്റെ ഭാഗമായുള്ള പരിപാടികൾ വണ്ടർവുമെൻ സംഘടിപ്പിക്കുന്ന മൈലാഞ്ചി കോണ്ടെസ്റ്റും ഉണ്ടായിരിക്കും. മത്സരങ്ങൾ വീക്ഷിക്കാൻ എത്തുന്ന കാണികൾക്കായി നിരവധി സമ്മാനങ്ങളും, കലാ പരിപാടികളും കെഫ ഒരുക്കിയിട്ടുണ്ട്.



