അബുദാബി: കേരളത്തിന്റെ ജീവിതനിലവാരമുയർത്തുന്നതിലും സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിലും നിർണായകപങ്ക് വഹിക്കുന്ന പ്രവാസി സമൂഹം സംസ്ഥാനത്തിന്റെ വികസനത്തിൽ പിന്തുണ നൽകണമെന്നും നിക്ഷേപങ്ങൾക്കുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്നും കേരള ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്കുമാർ.കേരളത്തിൽ രാഷ്ട്രീയ ചിന്താഗതിയിൽ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും ഇപ്പോൾ നിക്ഷേപസൗഹൃദ അന്തരീക്ഷമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. അബുദാബിയിലെ മാധ്യമ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബി (ഇമ )യുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ഉൾനാടൻ റോഡുകളിൽ ഉൾപ്പെടെ പൊതുഗതാഗതം യാഥാർഥ്യമാക്കുക എന്നതാണ് സ്വപ്നം. സംസ്ഥാനത്തെ റോഡുകളുടെ വികസനവും പൂർത്തിയാവുന്നതോടെ കേരളത്തിൽ പൊതുഗതാഗതം ആഗോള നിലവാരത്തിലേക്കുയർത്താൻ കഴിയും. സംസ്ഥാനത്തിന്റെ പൊതുപുരോഗതി ലക്ഷ്യമാക്കി പ്രവാസികളും മാധ്യമ പ്രവർത്തകരും ക്രിയാത്മകമായി പിന്തുണ നൽകണമെന്നും മന്ത്രി അഭ്യർഥിച്ചു.
ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മാസങ്ങൾക്കകം ഗതാഗതവകുപ്പിൽ സമൂലമായ മാറ്റങ്ങളുണ്ടാവും. കെ.എസ്.ആർ.ടി.സി.യെ സമ്പൂർണമായി ഡിജിറ്റൽ സംവിധാനത്തിലേക് കൊണ്ടുവരുന്നതിലൂടെ ലോകോത്തര നിലവാരത്തിലേക്കുയരും.
കെ.എസ്.ആർ.ടി.സി.യെ നവീകരിക്കുന്നതിനൊപ്പം സ്വകാര്യ ബസ് സർവീസുകളെയും പ്രോത്സാഹിപ്പിക്കാനും നവീകരിക്കാനുമുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്.
നാട്ടിൽ ഡ്രൈവിങ് ടെസ്റ്റ് നേരത്തേയാക്കണമെങ്കിൽ പ്രവാസികൾ ആർ.ടി.ഒ.ക്ക് നേരിൽക്കണ്ട് അപേക്ഷ നൽകണം. യു.എ.ഇ. ഉൾപ്പെടെ വിദേശ രാജ്യങ്ങളിലെ ലൈസൻസ് ഉള്ളവർക്ക് നാട്ടിലെ ഡ്രൈവിങ് ടെസ്റ്റിൽ ഇളവു നൽകാനാകുമോ എന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് സമീർ കല്ലറ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്ഥാനപതി കാര്യാലയം ഉപസ്ഥാനപതി എ. അമർനാഥ്, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ജോർജിജോർജ്, ബിന്ദു മേനോൻ എന്നിവർ പങ്കെടുത്തു.
ഡോ. പദ്മനാഭൻ, സൂരജ് പ്രഭാകരൻ, അജിത് ജോൺസൻ, ലുലു എക്സ്‌ചേഞ്ച് മീഡിയ മനേജർ അസിം ഒമർ, റമീസ് അബ്ദുൽ റഹ്‌മാൻ ഹാജി,അരുൺ, അബ്ദുല്ല ഫാറൂഖി, സിബി കടവിൽ, ഹിഷാം, ഷഹീർ ഫറൂഖി, മലബാർ ഗ്രൂപ്പ് പ്രതിനിധി രഞ്ജിത്ത്, സുബിൻ സോജൻ, റഫീഖ് കയനയിൽ എന്നിവരെ ആദരിച്ചു. സാമൂഹിക സംസ്‌കാരിക സംഘടന പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. സേവനം അവസാനിപ്പിച്ച ഇന്ത്യന്‍ മീഡിയ അബുദബി മെമ്പര്‍ ടി പി ഗംഗാധരന് മന്ത്രി ഉപഹാരം നല്‍കി. അബുദബിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം മന്ത്രി ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. ജനറൽ സെക്രട്ടറി റാഷിദ് പൂമാടം സ്വാഗതവും ട്രഷറർ ഷിജിന കണ്ണൻദാസ് നന്ദിയും പറഞ്ഞു.