അബുദാബി – അല്‍ഐനില്‍ ജൂത റബ്ബി സ്വി കോഗനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതികളുടെ ഫോട്ടോകളും പേരുവിവരങ്ങളും യു.എ.ഇ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. പ്രതികളെല്ലാവരും ഉസ്ബെക്കിസ്ഥാന് പൗരന്മാരാണ്. ഒളിമ്പോയ് താഹിറോവിച്ച് (28), മഹ്മൂദ്ജൊന് അബ്ദുറഹീം (28), അസീസ്ബെക് കാമിലോവിച്ച് (33) എന്നിവരാണ് അറസ്റ്റിലായത്.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും യു.എ.ഇ ആഭ്യന്തര മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ കാണാതായ റബ്ബി സ്വി കോഗനെ ഇന്നലെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഓര്‍ത്തഡോക്സ് യഹൂദമതത്തിലെ ഹസിഡിക് പ്രസ്ഥാനത്തിന്റെ പ്രതിനിധിയായിരുന്ന സ്വി കോഗന്റെ മൃതദേഹം യു.എ.ഇയിലെ അല്‍ഐനിലാണ് കണ്ടെത്തിയത്. ഇയാള്‍ മോള്‍ഡോവന്‍ പൗരനാണ്.