ദുബായ്: ഏഷ്യക്കാരായ ദമ്പതിമാർ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ ഭാര്യയുടെ കൈയൊടിച്ചയാൾക്ക് ദുബായ് ക്രിമിനൽ കോടതി മൂന്നുമാസം തടവുശിക്ഷ വിധിച്ചു.
ശിക്ഷ കഴിഞ്ഞാൽ പ്രതിയെ നാടുകടത്തും. ആക്രമണത്തെത്തുടർന്ന് യുവതിയുടെ കയ്യിന് മൂന്നുശതമാനം സ്ഥിരവൈകല്യമുണ്ടായി.
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഭർത്താവ് വാഹനം ഓടിക്കുന്നതിനിടെ തർക്കമുണ്ടായതിനെ തുടർന്ന് ഭർത്താവ് തന്നെ ആക്രമിച്ചതായി ഏഷ്യൻ യുവതി 2024 ജൂലൈയിലാണ് പോലീസിൽ പരാതി നൽകിയത്.
ഡ്രൈവിങ്ങിനിടെ ഇരുവർക്കുമിടയിലെ വാക്തർക്കം രൂക്ഷമാവുകയും പ്രകോപിതനായ ഭർത്താവ് ഇടതുകൈ ശക്തമായി വളച്ചൊടിക്കുകയും വാഹനത്തിന്റെ പിൻസീറ്റിലേക്ക് യുവതിയെ തള്ളുകയുമായിരുന്നു. ആക്രമണത്തിൽ യുവതിയുടെ കൈയെല്ല് പൊട്ടി ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമാവുകയും ചെയ്തു. ഹോസ്പിറ്റലിൽ നിന്നും ക്രിമിനൽ ലബോറട്ടറിയിൽ നിന്നുമുള്ള റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിഗണിച്ചാണ് ശിക്ഷ വിധിച്ചത്.