ദുബൈ – സോഷ്യൽ മീഡിയയിലൂടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് റാസൽഖൈമ പോലീസ് മുന്നറിയിപ്പ് നൽകി. യു.എ.ഇ നിയമപ്രകാരം ഇത്തരക്കാർക്ക് കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം മുതൽ പിഴയും ശിക്ഷയായി ലഭിക്കും.
പൊതുജനങ്ങളിൽ ഭീതിയുണ്ടാക്കുന്നതോ ദേശീയ സമ്പദ്‌വ്യവസ്ഥയെയും ക്രമസമാധാനത്തെയും ബാധിക്കുന്നതോ ആയ തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നത് കുറ്റകരമാണ്. പ്രതിസന്ധികളോ പകർച്ചവ്യാധികളോ നിലനിൽക്കുന്ന സമയത്താണ് ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നതെങ്കിൽ ശിക്ഷ രണ്ട് വർഷം തടവും രണ്ട് ലക്ഷം ദിർഹം പിഴയുമായി വർധിക്കും. വിവരങ്ങൾ പങ്കിടുന്നതിന് മുമ്പ് അതിന്റെ സത്യാവസ്ഥ ഔദ്യോഗിക സ്രോതസ്സുകൾ വഴി ഉറപ്പുവരുത്തണമെന്നും സംശയാസ്പദമായ കാര്യങ്ങൾ ഇ-ക്രൈം പോർട്ടൽ വഴി റിപ്പോർട്ട് ചെയ്യണമെന്നും പോലീസ് നിർദ്ദേശിച്ചു.



