അബുദാബി– ഇറാനും മറ്റ് ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുക എന്നത് അതീവ ദുഷ്കരമാണെന്ന് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാശ്. ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ റിലേഷൻസ് സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതും വിശ്വാസം തിരിച്ചുപിടിക്കുന്നതും രണ്ട് കാര്യമാണെന്നും, ഏകദേശം 2,800-ഓളം മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ട ഒരാളോട് വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്നത് യാഥാർത്ഥ്യബോധമില്ലാത്ത നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ നടത്തിയ ആക്രമണങ്ങൾ ഉണ്ടാക്കിയ മുറിവുകൾ ഉണങ്ങാൻ തലമുറകൾ തന്നെ എടുത്തേക്കാം.
ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ ഇറാനെ കാണുന്നത് സ്ഥിരമായ ഒരു ഭീഷണിയായാണ്. സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന ഇറാന്റെ അവകാശവാദം തെറ്റാണെന്നും, തൊടുത്തുവിട്ട ആയുധങ്ങളിൽ 90 ശതമാനവും ജനവാസ മേഖലകളെയും ഊർജ്ജ നിലയങ്ങളെയുമാണ് ലക്ഷ്യം വെച്ചതെന്നും ഗർഗാശ് ആരോപിച്ചു. അറബ് രാജ്യങ്ങളുമായുള്ള ബന്ധത്തിന് ഇറാൻ നൽകുന്ന കുറഞ്ഞ വിലയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇറാനിലെ നിലവിലെ സർക്കാർ വിഘടിച്ചും ഏകോപനമില്ലാതെയുമാണ് പ്രവർത്തിക്കുന്നത്. ചർച്ചകളിൽ ഇപ്പോൾ കാണുന്ന താൽക്കാലിക ശാന്തതയെ വിജയമായി കാണരുതെന്നും, അത്തരമൊരു ചിന്ത സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ഏഴ് ആഴ്ച നീണ്ടുനിന്ന യുദ്ധത്തിൽ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ വലിയ തോതിലുള്ള ആക്രമണങ്ങളെ യു.എ.ഇ പ്രതിരോധിച്ചു. 537 ബാലിസ്റ്റിക് മിസൈലുകളും 2,256 ഡ്രോണുകളും ഉൾപ്പെടെയുള്ളവ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഈ ആക്രമണങ്ങളിൽ രണ്ട് യു.എ.ഇ സൈനികരും ഒരു മൊറോക്കൻ കരാറുകാരനും പത്ത് സാധാരണക്കാരും കൊല്ലപ്പെട്ടു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 224 പേർക്ക് പരിക്കേറ്റതായും മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇറാൻ നടത്തിയ ഈ നീക്കങ്ങൾ പ്രാദേശികമായ സുരക്ഷാ ധാരണകളെ അടിമുടി മാറ്റിയെന്നും അത് പഴയപടിയാക്കാൻ പ്രയാസമാണെന്നും യു.എ.ഇ വ്യക്തമാക്കി.



