അബുദബി: യുഎഇയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ അക്കാദമിക് യോഗ്യതകൾ പരിശോധിക്കുന്നതിനായി പുതിയ ഡിജിറ്റൽ പദ്ധതി അധികൃതർ പ്രഖ്യാപിച്ചു. ഒന്ന് മുതല്‍ നാല് വരെയുള്ള നൈപുണ്യ നിലവാരം ഉൾപ്പെടുന്ന, യുഎഇക്ക് പുറത്ത് നിന്ന് ലഭിച്ച അക്കാദമിക് ബിരുദങ്ങളുള്ള ജീവനക്കാർക്കും തൊഴിലുടമകൾക്കും ഈ സേവനം ഉപയോഗിക്കാം.
യുഎഇയിൽ നിന്ന് ലഭിച്ച ബിരുദങ്ങളും ഉൾപ്പെടുത്താൻ ഭാവിയിൽ ഈ സേവനം വിപുലീകരിക്കും. മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ (MoHRE) വെബ്‌സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ, രാജ്യത്തെ ബിസിനസ് സേവന കേന്ദ്രങ്ങൾ എന്നിവ വഴി ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാകും.
ഈ പദ്ധതി സര്‍ക്കാരിനും സ്വകാര്യ കമ്പനികള്‍ക്കും ഒരുപോലെ ഉപകാരപ്പെടും. ഡിജിറ്റല്‍ പരിശോധനയിലൂടെ സര്‍ട്ടിഫിക്കറ്റുകളുടെ യഥാര്‍ത്ഥ്യം ഉറപ്പാക്കുന്നു. ഇത് ജോലിക്ക് ആളെ തിരഞ്ഞെടുക്കുന്നത് എളുപ്പമാക്കും, കടലാസ് ജോലികള്‍ കുറയ്ക്കും, ഒറ്റത്തവണ ഫീസില്‍ എല്ലാം ലളിതമാക്കും- മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
വിദേശികള്‍ ആദ്യം സ്വന്തം രാജ്യത്ത് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി പിന്നീട് യുഎഇയില്‍ അതേ പ്രക്രിയ ചെയ്യണം. ഇതിന് 10 ദിവസമോ അതില്‍ കൂടുതലോ എടുക്കും. ഇനി
സ്വന്തം രാജ്യത്ത് സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ യുഎഇയില്‍ രണ്ട് ദിവസം മതി അറ്റസ്റ്റ് ചെയ്യാന്‍. പുതിയ സേവനത്തോടെ ഇത് കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും ആകും.
ഈ പദ്ധതി വിശ്വസനീയമായ തൊഴില്‍ സേവനങ്ങള്‍ നല്‍കുകയും വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിനൊപ്പം പരിശോധനയും എളുപ്പമാക്കുകയും ചെയ്യും. ഈ പദ്ധതി തെറ്റായ രീതികള്‍ തടയാന്‍ സഹായിക്കുമെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ ഖലീല്‍ അല്‍ ഖൂരി പറഞ്ഞു, ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി ചേര്‍ന്നാണ് ഈ സേവനം തുടങ്ങിയത്. ഇത് തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും ജോലിക്കാരുടെ നിലവാരം ഉയര്‍ത്തുകയും യുഎഇയുടെ തൊഴില്‍ മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യും.
ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയവുമായി (MoHESR) സഹകരിച്ച് ആരംഭിച്ച ഈ സംരംഭം, തൊഴിൽ വിപണിയുടെ വികസന ആവശ്യങ്ങൾ നിറവേറ്റുന്നതിനും, തൊഴിലാളികൾക്കിടയിൽ പ്രൊഫഷണൽ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും, വേഗതയേറിയതും വിശ്വസനീയവുമായ സർക്കാർ സേവനങ്ങൾ ഉറപ്പാക്കുന്നതിനും യുഎഇയുടെ പങ്ക് വർധിപ്പിക്കും.
പുതിയ പദ്ധതി അക്കാദമിക് യോഗ്യതാ പരിശോധനാ പ്രക്രിയയുടെ വേഗത, കൃത്യത, വിശ്വാസ്യത എന്നിവ മെച്ചപ്പെടുത്തുമെന്ന് MoHESR അണ്ടർസെക്രട്ടറി ഡോ. മുഹമ്മദ് അൽ മുഅല്ല വിശദീകരിച്ചു. ”ഈ സേവനം സര്‍ക്കാര്‍ ഓഫീസുകളിലെ സങ്കീര്‍ണതകള്‍ കുറയ്ക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണ്. ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരും- അദ്ദേഹം വ്യക്തമാക്കി.