അബുദാബി – സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ തെറ്റിദ്ധരിപ്പിക്കുന്നതും കെട്ടിച്ചമച്ചതുമായ വീഡിയോ ക്ലിപ്പുകള്‍ പ്രസിദ്ധീകരിച്ചതിന് രണ്ടു ഇന്ത്യക്കാര്‍ അടക്കം വിവിധ രാജ്യക്കാരായ 10 പ്രവാസികളെ അറസ്റ്റ് ചെയ്യാന്‍ യു.എ.ഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സെയ്ഫ് അല്‍ശാംസി ഉത്തരവിട്ടു. അറസ്റ്റിലായവരില്‍ മൂന്നു പേര്‍ വനിതകളാണ്. ഇവര്‍ ഇറാന്‍, ഫിലിപ്പൈന്‍സ്, കാമറൂണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ശേഷിക്കുന്നവര്‍ ഈജിപ്ത്, വിയറ്റ്‌നാം, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യക്കാരാണ്. പ്രാദേശിക സംഭവവികാസങ്ങള്‍ക്കിടയില്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഉള്ളടക്കത്തെ കുറിച്ചുള്ള അന്വേഷണങ്ങളെ തുടര്‍ന്ന് അറസ്റ്റിലായ പ്രതികളെ അടിയന്തര വിചാരണക്ക് റഫര്‍ ചെയ്തു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ദേശീയ സുരക്ഷ, ക്രമസമാധാനം, സ്ഥിരത എന്നിവ തകര്‍ക്കാനും ലക്ഷ്യമിട്ടുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ചില സംഭവങ്ങള്‍ ഉപയോഗപ്പെടുത്തിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ തുടര്‍ച്ചയായ നിരീക്ഷണത്തെ തുടര്‍ന്നാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞു.
വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ആക്രമണങ്ങള്‍ തടയുന്നതിന്റെ യഥാര്‍ഥ ദൃശ്യങ്ങള്‍ കാണിക്കുന്ന വീഡിയോകള്‍ പ്രതികള്‍ പ്രസിദ്ധീകരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. മറ്റ് ക്ലിപ്പുകള്‍ നിലത്ത് കിടക്കുന്ന പ്രൊജക്ടൈലുകള്‍ പ്രദര്‍ശിപ്പിക്കുകയോ സംഭവങ്ങള്‍ നിരീക്ഷിക്കുന്ന ജനക്കൂട്ടത്തെ കാണിക്കുകയോ ചെയ്തു. യു.എ.ഇയുടെ വിവിധ പ്രദേശങ്ങളില്‍ സ്‌ഫോടനങ്ങള്‍, പ്രധാന ലാന്‍ഡ്മാര്‍ക്കുകളിലെ ആക്രമണങ്ങള്‍, വലിയ തീപിടുത്തങ്ങള്‍ എന്നിവ തെറ്റായി ചിത്രീകരിക്കുന്നതിന് കൃത്രിമ ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ വീഡിയോകളും പ്രതികള്‍ പ്രചരിപ്പിച്ചു.
സുരക്ഷാ ഭീഷണികളെ തെറ്റായി സൂചിപ്പിക്കുന്ന ചില വീഡിയോകള്‍ കുട്ടികളുടെ വികാരങ്ങളെ ചൂഷണം ചെയ്തു. പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുകയും ഉത്കണ്ഠ പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മറ്റ് ക്ലിപ്പുകള്‍ രാജ്യത്തിനുള്ളിലെ സൈനിക കേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതായി തെറ്റായി അവകാശപ്പെടുകയും യു.എ.ഇയില്‍ നടക്കുന്ന വിദേശ ആക്രമണങ്ങളെ തെറ്റായി ചിത്രീകരിക്കുകയും ചെയ്തു.
യഥാര്‍ഥമോ കൃത്രിമമോ ആയ അത്തരം ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് പൊതു സുരക്ഷയെ ബാധിക്കുമെന്നും ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും, ശത്രുതാപരമായ മാധ്യമങ്ങള്‍ക്ക് വസ്തുതകള്‍ വളച്ചൊടിക്കാനും ദേശീയ ഏജന്‍സികളിലുള്ള ആത്മവിശ്വാസം തകര്‍ക്കാനുമുള്ള ഉള്ളടക്കം നല്‍കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പബ്ലിക് പ്രോസിക്യൂഷന്‍ പ്രതികളെ ചോദ്യം ചെയ്യാന്‍ തുടങ്ങി. നിയമനടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ അവരെ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടു. ഇത്തരം പ്രവൃത്തികള്‍ കുറഞ്ഞത് ഒരു വര്‍ഷം തടവും കുറഞ്ഞത് ഒരു ലക്ഷം ദിര്‍ഹം പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റങ്ങളാണെന്ന് അറ്റോര്‍ണി ജനറല്‍ പ്രസ്താവിച്ചു. തെറ്റായ വിവരങ്ങള്‍ മനഃപൂര്‍വ്വം പ്രചരിപ്പിക്കല്‍, പൊതു സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കല്‍, ഭയം വിതക്കല്‍, സാമൂഹിക സ്ഥിരതയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ എന്നിവ കാരണം ശിക്ഷകള്‍ ബാധകമാണ്.
ദേശീയ സുരക്ഷയെ ബാധിക്കുന്നതോ ക്രമസമാധാനത്തെ തടസ്സപ്പെടുത്തുന്നതോ ആയ കെട്ടിച്ചമച്ചതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് സൈബര്‍ ഇടമോ ആധുനിക സാങ്കേതികവിദ്യകളോ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ അധികാരികള്‍ അനുവദിക്കില്ല. രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ ആക്രമണങ്ങള്‍ തടയുന്ന വീഡിയോകളും സെന്‍സിറ്റീവ് പ്രതിരോധ ശേഷികള്‍ വെളിപ്പെടുത്തുന്ന വീഡിയോകളും ഇതില്‍ ഉള്‍പ്പെടുന്നു.
ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതായി തെളിയിക്കപ്പെടുന്ന ഏതൊരാള്‍ക്കും ഉടനടി ക്രിമിനല്‍ ഉത്തരവാദിത്തം നേരിടേണ്ടിവരും. അധികൃതര്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ നിരീക്ഷിക്കുന്നത് തുടരുമെന്നും നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും യു.എ.ഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സെയ്ഫ് അല്‍ശാംസി കൂട്ടിച്ചേര്‍ത്തു.



