മസ്കത്ത്: മസ്കത്തിലെ ഇന്ത്യൻ ജനതയുടെ ആദ്യ സ്കൂളായ ഇന്ത്യൻ സ്കൂൾ മസ്കത്ത് സുവർണ ജൂബിലി നിറവിൽ. 135 കുട്ടികളുമായി 1975ൽ ആരംഭിച്ച വിദ്യാലയം ഇന്ന് 7500 ഓളം വിദ്യാർഥികളുമായി സുവർണ്ണ ജൂബിലി നിറവിൽ നിൽകുന്നു. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം നൽകിയ ഗൾഫ് മേഖലയിൽത്തന്നെ തലയെടുപ്പുള്ള സ്ഥാപനമായ ഇന്ത്യൻ സ്കൂൾ മസ്കത്തിന്റെ സുവർണ്ണ ജൂബിലി ഒരു വര്ഷം നീണ്ടു നിൽക്കുന്ന വിവിധങ്ങളായ പരിപാടികളോടെ വിപുലമായി ആഘോഷിക്കാനാണ് തീരുമാനമെന്ന് ഇന്നലെ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സ്കൂൾ മാനേജ്മന്റ് പ്രതിനിധികളും പ്രിൻസിപ്പാളും വ്യക്തമാക്കി. സുൽത്താൻ ഖാബൂസ് ബിൻ സഈദ് ദാനമായി ഒമാനിലെ ദാർസൈത്തിൽ നൽകിയ ഭൂമിയിലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഒമാനി സർക്കാറിന്റെ അകമഴിഞ്ഞ പിന്തുണയാണ് മസ്കത്തിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ നെടുംതൂണായി മാറാൻ ഈ വിദ്യാലയത്തിന് സാധിച്ചത്.ISM@50 എന്നപേരിൽ നടക്കുന്ന പരിപാടിയുടെ ലോഗോയും ടാഗ്ലൈനും ഭാഗ്യ ചിന്ഹവും ഇന്നലെ പ്രകാശനം ചെയ്തു. പരിപാടിയുടെ ഭാഗമായി സ്ഥാപനത്തിന്റെ കഴിഞ്ഞ കാലത്തെ നേട്ടങ്ങളെ ആഘോഷിക്കുകയും ഭാവിയെ ശാക്തീകരിക്കുകയും ചെയ്യുകയാണ് ലക്ഷ്യമിടുന്നതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. സ്കൂളിന്റെ നാനാതുറയിൽ പെട്ട പങ്കാളികളെ ഉള്കൊള്ളിച്ചുകൊണ്ടു 2024 ഏപ്രിൽ മുതൽ അടുത്ത വർഷം മാർച്ചുവരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളിൽ സംഗീതം, നൃത്തം, സാംസ്കാരിക പരിപാടികൾ, ഐ.എസ്.എം ടോക്സ്’, ഇൻറർ ഹൗസ് നാടക മത്സരം, പെയിന്റിങ് മത്സരം, ഐ.എസ്.എം ടാലന്റ്, എല്ലാ സ്കൂളുകളിലെയും വിദ്യാർഥികൾക്കായി ഇന്റർ സ്കൂൾ റോക്ക് ഫെസ്റ്റ്, ഐ.എസ്.എമ്മിനും മറ്റ് സ്കൂളുകൾക്കുമായി ആർട്ട് എക്സിബിഷൻ, രക്തദാന ക്യാമ്പും സകാത്തും ഉൾപ്പെടെയുള്ള കമ്യൂണിറ്റി സേവന പ്രവർത്തനങ്ങൾ, ഇന്ത്യൻ സ്കൂൾ മസ്കത്തിലെ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമുള്ള മത്സര പരിപാടികൾ, കോമഡി സ്കിറ്റ്, ഫാഷൻ ഷോ, സ്കൂളിന്റെ ചരിത്രത്തിൽനിന്നുള്ള ഓർമകളും മറ്റും കാണിക്കുന്നതിനുള്ള കാലിഡോസ്കോപ് പ്രദർശനം, പൂർവ വിദ്യാർഥികളുടെ ഒത്തുചേരൽ, കാർണിവൽ, മെഗാ സ്റ്റേജ് ഷോ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയുടെ സമ്പന്നമായ പൈതൃകം, സ്കൂളിന്റെ മഹത്തായ പാരമ്പര്യം, ഒമാന്റെ സംസ്കാരം എന്നിവ പ്രതിഫലിപ്പിക്കുന്നതായിരിക്കും പരിപാടികളെന്നും പ്രതിനിധികൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group