ദുബായ്: കഴിഞ്ഞ മാസം ഉണ്ടായ അതിതീവ്ര മഴയുടെ ആശങ്ക മാറും മുന്‍പേ യു.എ.ഇയില്‍ വീണ്ടും വ്യാപകമായി മഴ പെയ്‌തെങ്കിലും മുന്‍കരുതയില്‍ എതുട്ടത് മൂലം നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ ഉച്ചയോടെ അബുദാബി, ദുബായ്, ഷാര്‍ജ എമിറേറ്റുകളില്‍ മഴ മാറി വെയില്‍ തെളിഞ്ഞു. ഇന്നും മഴ തുടരുമെങ്കിലും ശക്തമാകില്ലെന്നാണു കാലാവസ്ഥാ പ്രവചനം.
റാസല്‍ഖൈമ അല്‍ഷുഹാദയില്‍ മലവെള്ളപ്പാച്ചിലില്‍ എമിറേറ്റ്‌സ് റോഡിന്റെ ഒരു ഭാഗം പൂര്‍ണമായും ഒലിച്ചുപോയിരുന്നു. ഉമ്മുല്‍ഖുവൈനില്‍ ചില റോഡുകള്‍ പൊലീസ് അടച്ചു. മഴക്കെടുതികള്‍ ഏറ്റവും രൂക്ഷമായി ബാധിച്ച ഷാര്‍ജയില്‍ ബുധനാഴ്ച മുതല്‍ രക്ഷാപ്രവര്‍ത്തകര്‍ വന്‍തോതില്‍ അണിനിരന്നിരുന്നു.
കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടര്‍ന്ന് സര്‍ക്കാര്‍, സ്വകാര്യ കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരുന്നു. സ്‌കൂളുകളും ഓണ്‍ലൈന്‍ പഠനത്തിലേക്കു മാറി.
13 വിമാനങ്ങള്‍ റദ്ദാക്കി. 9 എണ്ണം ദുബായിലേക്കുള്ളതും നാലെണ്ണം ദുബായില്‍ നിന്നു പുറപ്പെടാനുള്ളവയുമായിരുന്നു. 5 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. ഷാര്‍ജ, ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് വൈകിയേക്കുമെന്ന് ഇന്ത്യന്‍ വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കിയെങ്കിലും ഇതുവരെ കാര്യമായ മാറ്റം പ്രഖ്യാപിച്ചിട്ടില്ല.