ദുബൈ – ഇന്ത്യയിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ, അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റി (ഐഐഎംഎ) ന്റെ ആദ്യ വിദേശ കാമ്പസ് ദുബൈയില്‍ ആരംഭിച്ചു. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ക്യാമ്പസ് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, യുഎഇ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണവകുപ്പ് ആക്ടിങ് മന്ത്രി ഡോ. അബ്ദുല്‍ റഹ്മാന്‍ അബ്ദുല്‍ മന്നാന്‍ അല്‍ അവാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഐഐഎംഎ ൻ്റെ ആദ്യ അന്താരാഷ്ട്ര കാമ്പസ് ദുബൈയില്‍ ആരംഭിക്കുന്നതോടെ യുഎഇയും ഇന്ത്യയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ ഇത് സൂചിപ്പിക്കുന്നുവെന്ന് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ വിദ്യാഭ്യാസത്തിന്റെ ആഗോളവത്കരണത്തിലേക്കുള്ള കുതിച്ചുചാട്ടമാണിതന്നും ഇന്ത്യയുടെ ഏറ്റവും മികച്ച നൈപുണ്യ ശേഷി ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ ഐഐഎം അഹമ്മദാബാദിന്റെ ദുബൈ കാമ്പസ് സഹായിക്കുമെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.