ദുബായ് : എമിറേറ്റിൽ പരിസ്ഥിതിസൗഹൃദ ഹൈഡ്രജൻ ബസുകൾ പരീക്ഷിക്കുന്നതിന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) സ്വൈഡൻ ട്രേഡിങ് കമ്പനിയുമായി കരാർ ഒപ്പിട്ടു.
ആർ.ടി.എ.യിലെ പൊതുഗതാഗത ഏജൻസി സി.ഇ.ഒ. അഹമ്മദ് ഹാഷിം ബഹ്റോസ്യൻ,സ്വൈഡൻ ട്രേഡിങ് കമ്പനി എം.ഡി. സ്വൈഡൻ അൽ നബൂദ എന്നിവരാണ് കരാറിൽ ഒപ്പിട്ടത്.
എമിറേറ്റിലെ കാലാവസ്ഥയ്ക്ക് ഹൈഡ്രജൻ ബസുകൾ അനുയോജ്യമാണോയെന്ന് പരിശോധിക്കുമെന്നുംഎമിറേറ്റിലെ പൊതു ബസ് യാത്രാസേവനങ്ങൾ വിപുലീകരിക്കാൻ യാത്രക്കാരിൽനിന്നും ഡ്രൈവർമാരിൽനിന്നും അഭിപ്രായങ്ങളും ആശയങ്ങളും സ്വീകരിക്കുമെന്നും അഹമ്മദ് ഹാഷിം ബഹ്റോസ്യൻ പറഞ്ഞു.
ഹൈഡ്രജൻ ഇന്ധനത്തിന്റെ ഉത്പാദനത്തിനും വിതരണത്തിനും ഇനോക് ഉൾപ്പെടെയുള്ള പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കും. ഹൈഡ്രജൻ വാഹനങ്ങൾ പരിസ്ഥിതിക്ക് അപകടമില്ലാത്തവയാണ്. ചൈനീസ് കമ്പനിയായ സോങ്ടോങ് ബസ് ഹോൾഡിങ് കമ്പനിയുടെ ഇന്ധന സെൽ സംവിധാനമാണ് ബസിൽ സജ്ജീകരിച്ചിട്ടുള്ളത്.