ബുലവായോ – ചരിത്രത്തിൽ ആദ്യമായി ഏകദിനം കളിക്കാൻ ഇറങ്ങിയ യുഎഇ വനിതാ ടീമിന് ജയം. സിംബാവെ വനിതാ ടീമിനെതിരെ 36 റൺസിന്റെ ജയം നേടിയാണ് ചരിത്ര വിജയത്തിന് യുഎഇ ടീം അർഹരായിരിക്കുന്നത്. ഇതോടെ നാലു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ അറബ് ടീം 1-0ക്ക് മുന്നിലെത്തി.
ആദ്യം ബാറ്റ് ചെയ്ത യുഎഇ മലയാളി താരമായ റിനിത രജിത്തിന്റെ മികവിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് എടുത്തപ്പോൾ മറുപടി ബാറ്റിങിന് ഇറങ്ങിയ ആതിഥേയരായ സിംബാവെ 186 റൺസിന് എല്ലാവരും പുറത്തായി.
ടോസ് ലഭിച്ച എതിരാളികൾ യുഎഇയെ ബാറ്റിങിന് അയച്ചു. മലയാളി റിനിത ( പുറത്തകാതെ 59), ഇന്ത്യൻ വംശജയായ ലാവണ്യ കെനി ( 47), ദക്ഷിണാഫ്രിക്കക്കാരി മിഷേൽ ബോത്ത (പുറത്തകാതെ 42) എന്നിവരുടെ മികവിലാണ് സ്കോർ 222ൽ എത്തിച്ചത്. ഒരു ഘട്ടത്തിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 120 റൺസ് മാത്രമുണ്ടായിരുന്ന യുഎഇ ആറാം വിക്കറ്റിൽ റിനിത – മിഷേൽ സഖ്യത്തിന്റെ സെഞ്ച്വറി കൂട്ടുകെട്ടാണ് Incredible സ്കോറിൽ എത്തിച്ചത്.
മറുപടി ബാറ്റിങിന് ഇറങ്ങിയ സിംബാവെ 4 വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എന്ന നിലയിൽ നിന്നാണ് 41 റൺസ് എടുക്കുമ്പോഴേക്കും ശേഷിക്കുന്ന വിക്കറ്റുകൾ നഷ്ടമായത്. കെലിസ് ന്ധ്‌ലോവു (38), ന്യാഷ ഗ്വൻസുറ (34), ചിഡ്‌സ ദുരുരു ( 32) എന്നിവരുടെ പ്രകടനമാണ് സിംബാവെയെ വലിയ തോൽവിയിൽ നിന്നും രക്ഷിച്ചത്. യുഎഇക്ക് വേണ്ടി സമൈറ ധർണിധാർക്ക, തിലിനി ശശികല, ക്യാപ്റ്റൻ ഇഷ ഓസ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
പരമ്പരയിലെ രണ്ടാമത്തെ മത്സരം നാളെ നടക്കും.
2018 മുതൽ T-20 മത്സരങ്ങൾ കളിച്ചു വരുന്ന യുഎഇയിൽ പകുതിയിലധികവും ഇന്ത്യൻ താരങ്ങളാണ്. ക്യാപ്റ്റനായ ഇഷ ഓസ, മലയാളി റിനിത രജിത്ത്, സമൈറ ധർണിധാർക്ക എന്നിവരെല്ലാം ഇതിൽ പ്രധാനികളാണ്.