അബുദാബി:അര മണിക്കൂറിനുള്ളിൽ ദുബായിൽനിന്ന് അബുദാബിയിലേക്ക് എത്താവുന്ന രാജ്യത്തെ ആദ്യ അതിവേഗ ഇലക്ട്രിക് പാസഞ്ചർ ട്രെയിൻ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ. കഴിഞ്ഞ ദിവസം അബുദാബി മീഡിയ ഓഫിസ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
അൽ ഫയാഹ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ അബുദാബി കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ, ദുബായ് കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്ബിൻ റാശിദ് ആൽ മക്തൂം എന്നിവരുടെ സാന്നിധ്യത്തിൽ ഇത്തിഹാദ് റെയിൽ ആണ് പദ്ധതി പ്രഖ്യാപിച്ചത്. മണിക്കൂറിൽ 350 കിലോമീറ്ററായിരിക്കും ട്രെയിനിൻ്റെ വേഗത.
അബുദാബി, ദുബൈ, ഷാർജ, ഫുജൈറ എമിറേറ്റുകളിലായി ആറ് സ്റ്റേഷനുകളാണ് ഉണ്ടാവുക.
റീം ഐലന്‍റ്, സഅദിയാത്ത്, യാസ് ഐലന്‍റ്, അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം ദുബായിലെ അൽ ജദ്ദാഫ് എന്നിവിടങ്ങളിലായിരിക്കും സ്റ്റേഷനുകൾ. ഓരോ സ്റ്റേഷനുകളും മെട്രോ, ബസ് ലൈനുകളുമായി ബന്ധിപ്പിക്കും. യു.എ.ഇയിലെ പ്രധാന സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിൻ ഒമാൻ അതിർത്തിവരെ സഞ്ചരിക്കും.