ദുബായ്– പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്റെ നിര്‍ദേശപ്രകാരം, യു.എ.ഇ സര്‍ക്കാര്‍ മേഖലകളുടെയും സേവനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും പകുതിയും രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വയംഭരണ കൃത്രിമ ഇന്റലിജന്‍സ് സംവിധാനങ്ങളിലേക്ക് മാറ്റും. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം ആണ് സുപ്രധാന സര്‍ക്കാര്‍ മാറ്റം പ്രഖ്യാപിച്ചത്. രണ്ട് വര്‍ഷത്തിനുള്ളില്‍ യു.എ.ഇ സര്‍ക്കാര്‍ സേവനങ്ങളുടെ 50 ശതമാനം സ്വയംഭരണ എ.ഐയിലേക്ക് മാറ്റുമെന്ന് തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ എഴുതിയ പോസ്റ്റില്‍ ശൈഖ് മുഹമ്മദ് പറഞ്ഞു.
സ്വതന്ത്രമായി ചുമതലകള്‍ നിര്‍വഹിക്കാനും പ്രക്രിയകള്‍ കൈകാര്യം ചെയ്യാനും തീരുമാനമെടുക്കലിനെ പിന്തുണക്കാനും കഴിവുള്ള ഏജന്റിക് എ.ഐ മോഡലുകള്‍ സ്വീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി യു.എ.ഇയെ മാറ്റുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. നൂതന എ.ഐ സംവിധാനങ്ങള്‍ക്ക് ഇപ്പോള്‍ മാറ്റങ്ങള്‍ നിരീക്ഷിക്കാനും വിശകലനം നല്‍കാനും ശുപാര്‍ശകള്‍ നല്‍കാനും മനുഷ്യ ഇടപെടലില്ലാതെ പ്രവര്‍ത്തനങ്ങളുടെ ക്രമം നടപ്പാക്കാനും കഴിയും. ഈ സാങ്കേതികവിദ്യ ഗവണ്‍മെന്റിന്റെ എക്‌സിക്യൂട്ടീവ് പങ്കാളിയായി പ്രവര്‍ത്തിക്കുമെന്നും കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും സേവനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും തത്സമയ വിലയിരുത്തലും ഒപ്റ്റിമൈസേഷനും പ്രാപ്തമാക്കുമെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.
എത്ര വേഗത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നു, സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ പുനര്‍രൂപകല്‍പന ചെയ്യാന്‍ എ.ഐ ഉപകരണങ്ങള്‍ സ്വീകരിക്കുന്നു എന്നിവ ഉള്‍പ്പെടെ, പുതിയ പരിവര്‍ത്തനവുമായി പൊരുത്തപ്പെടാനുള്ള കഴിവിനെ അടിസ്ഥാനമാക്കി മന്ത്രിമാര്‍, ഡയറക്ടര്‍ ജനറല്‍മാര്‍, ഫെഡറല്‍ സ്ഥാപനങ്ങള്‍ എന്നിവ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വിലയിരുത്തപ്പെടും. ഏറ്റവും വലിയ ഗവണ്‍മെന്റ് പരിവര്‍ത്തന പദ്ധതികളില്‍ ഒന്നായ പുതിയ പദ്ധതിയെ നയിക്കാന്‍ ജീവനക്കാരെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെ കൃത്രിമ ബുദ്ധിയില്‍ വൈദഗ്ധ്യം വികസിപ്പിക്കുന്നതിന് എല്ലാ ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനം നല്‍കുമെന്നും ശൈഖ് മുഹമ്മദ് ചൂണ്ടികാട്ടി.
വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്‌യാന്‍ ഈ
സംരംഭത്തിന്റെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കും. പദ്ധതി നിര്‍വ്വഹണത്തിന്റെ തുടര്‍നടപടികള്‍ക്കായി യു.എ.ഇ കാബിനറ്റ്കാര്യ മന്ത്രി മുഹമ്മദ് അല്‍ഗര്‍ഗാവിയുടെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ സാങ്കേതികമായി ഉണ്ടാകുന്ന ദ്രുതഗതിയിലുള്ള മാറ്റം പരിവര്‍ത്തനം പ്രതിഫലിപ്പിക്കുന്നതായി ശൈഖ് മുഹമ്മദ് പറഞ്ഞു. വ്യക്തികള്‍ക്ക് അവരുടെ കഴിവുകള്‍ തിരിച്ചറിയാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, സര്‍ക്കാര്‍ മുന്‍ഗണനകളുടെ കേന്ദ്രബിന്ദുവായി ജനങ്ങള്‍ തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



