അബുദാബി: സ്വകാര്യ സ്കൂളുകളിൽ ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ക്രിമിനൽ റെക്കോർഡ് പരിശോധനയോ അല്ലെങ്കിൽ നല്ല പെരുമാറ്റ സർട്ടിഫിക്കറ്റോ നിർബന്ധമാണെന്ന് അബുദാബി വിജ്ഞാന-വിദ്യാഭ്യാസ വകുപ്പ് (ADEK) അറിയിച്ചു.
യുഎഇയിൽ താമസിക്കുന്ന അപേക്ഷകർക്ക് രാജ്യത്തെ അംഗീകൃത അധികാരികളിൽ നിന്നും വിദേശത്തു നിന്നുള്ള അപേക്ഷകർ അവരുടെ മാതൃരാജ്യത്തെ ബന്ധപ്പെട്ട അധികാരികളിൽ നിന്നും ഈ സർട്ടിഫിക്കറ്റ് നേടണമെന്ന് വകുപ്പ് വ്യക്തമാക്കി.
സുരക്ഷിതമായ വിദ്യാഭ്യാസ അന്തരീക്ഷം ഉറപ്പാക്കുന്നതിനും വിദ്യാർത്ഥികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി രൂപകൽപ്പന ചെയ്ത തൊഴിൽ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഈ നിബന്ധനയെന്ന് അധികൃതർ പറഞ്ഞു.
എമിറാത്തി സംസ്കാരവും ആചാരങ്ങളും പുതിയതോ വിദേശിയോ ആയ അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും പരിചയപ്പെടുത്തുന്നതിനായി ADEK ഒരു പ്രത്യേക പരിപാടി നടപ്പാക്കുന്നതായും ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പ്രഖ്യാപിച്ചു. സ്കൂളുകളിൽ സാംസ്കാരിക പരിഗണനാ നയം നടപ്പാക്കി, വിദ്യാഭ്യാസ മേഖലയിൽ ദേശീയവും സാംസ്കാരികവുമായ മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് സ്കൂൾ സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും അവബോധം വർദ്ധിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.