ദുബൈ– ആഗോള വിപണിയിലും ദുബൈയിലും സ്വർണ്ണവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. തിങ്കളാഴ്ച വിപണി തുടങ്ങിയപ്പോൾ ഗ്രാമിന് 11 ദിർഹം (ഏകദേശം 250 രൂപയ്ക്ക് മുകളിൽ) എന്ന നിരക്കിലാണ് വർധനവ് ഉണ്ടായത്. ഇതോടെ സാധാരണക്കാർക്കും നിക്ഷേപകർക്കും ഒരുപോലെ ആശങ്കയേറുകയാണ്. 24 കാരറ്റ് സ്വർണം ഗ്രാമിന് 614 ദിർഹമാണ് ഇന്നെത്തെ നിരക്ക്.
ആഗോള വിപണിയിൽ ആദ്യമായി സ്വർണവില ഔൺസിന് 5,000 ഡോളർ എന്ന നാഴികക്കല്ല് പിന്നിട്ട് ഇന്ന് രാവിലെ ഔൺസിന് 5,080 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. 22 കാരറ്റിന് 568.75 ദിർഹവും 21 കാരറ്റ് സ്വര്‍ണം ഗ്രാമിന് 545.25 ദിർഹവും 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 467.25 ദിർഹവുമാണ് മറ്റ് നിരക്കുകൾ. കഴിഞ്ഞ ആഴ്ച മാത്രം അഞ്ച് തവണയാണ് ദുബൈയിൽ സ്വർണ്ണവില റെക്കോർഡ് നിലവാരത്തിലെത്തിയത്.
നിലവിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ് സ്വർണ്ണവില ഉയരാൻ പ്രധാന കാരണം. ഗ്രീൻലൻഡ് വിഷയത്തിലും ഇറാനുമായുള്ള സംഘർഷ സാധ്യതയുമാണ് നിക്ഷേപകരെ സ്വർണ്ണത്തിലേക്ക് ആകർഷിക്കുന്നത്.



