ദുബൈ– ദുബൈ അല്‍ അവീറിലെ പച്ചക്കറി മാര്‍ക്കറ്റിലെ ‘ഇമ്മിണി ബല്യ ഉള്ളിയെ’ കണ്ട് സാധനം വാങ്ങാന്‍ വന്നവരുടെ കണ്ണ് തള്ളിയിരിക്കുകയാണ്. അല്‍ അവീറിലെ ബ്ലൂം മാര്‍ക്കറ്റിലാണ് കിലോക്ക് 2.5 ദിര്‍ഹം വിലയുള്ള തേങ്ങാ വലിപ്പമുള്ള ഉള്ളി വില്‍ക്കുന്നത്. ആളുകള്‍ ഉള്ളിയുടെ വലിപ്പത്തിലുള്ള കൗതുകം കാരണം വരാറുണ്ടെന്നും ഫോട്ടോയെടുത്ത് ഒന്നോ രണ്ടോ ഉള്ളികള്‍ വാങ്ങി പോകാറുണ്ടെന്നും മാര്‍ക്കറ്റിലെ ജോലിക്കാരനായ മുഹമ്മദ് യാസീന്‍ പ്രാദേശിക മാധ്യമമായ ഖലീജ് ടൈംസിനോട് പറഞ്ഞു. പതിനെട്ട് വര്‍ഷമായി ഇവിടെ പണിയെടുക്കുന്നുണ്ടെങ്കിലും ഇത്ര വലിയ ഉള്ളി ആദ്യമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വലിയ ഉള്ളികളില്‍ ജലാംശം കൂടുതലാണെന്നും സാധാരണ ഉള്ളിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയ്ക്ക് ചെറിയൊരു രുചി വ്യത്യാസമുണ്ടെന്നും യാസീന്‍ പറഞ്ഞു. വലുപ്പത്തില്‍ മാത്രമല്ല രുചിയിലും ഇവനൊരു വ്യത്യസ്തക്കാരനായതു കൊണ്ടുതന്നെ റെസ്റ്റോറന്റുകാരും പാചകക്കാരും ഇവനെ തേടി ഇപ്പോള്‍ മാര്‍ക്കറ്റിലെത്താറുണ്ടെന്നുമാണ് വിവരം. സലാഡില്‍ സാധാ ഉള്ളിയേക്കാള്‍ നല്ലത് ഇവനാണെന്നാണ് അവരുടെ അഭിപ്രായമെന്ന് യാസീന്‍ പറഞ്ഞു. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഈ ഭീമന്‍ ഉള്ളികള്‍ക്ക് സാധാരണ ഉള്ളിയേക്കാള്‍ മൂന്നിരട്ടി ഭാരമെങ്കിലും ഉണ്ടാവുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.